Tholur Grama Panchayat
അടിസ്ഥാന വിവരങ്ങള്‍
ചരിത്രപ്രസിദ്ധമായ കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും, ശ്രീ ഗുരുവായൂരപ്പന്‍ കുടികൊള്ളുന്ന ഗുരുവായൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ തുല്യ അകലത്തില്‍ ഇരുപട്ടണങ്ങളുടെയും മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രാമീണതയുടെയും നാഗരികതയുടെയും സ്പന്ദനങ്ങള്‍ മുറ്റിനില്‍ക്കുന്ന ഒരു സുന്ദരദേശമാണ് തോളൂര്‍. തൃശ്ശുര്‍ ജില്ലയിലെ പുഴയ്ക്കല്‍ ബ്ലോക്കിന്റെ കീഴിലുള്ള ഈ പ്രദേശം തൃശ്ശൂര്‍ താലൂക്കിലെ തോളൂര്‍, എടക്കളത്തൂര്‍, ചാലയ്ക്കല്‍ എന്നീ മൂന്നു വില്ലേജുകള്‍ ചേര്‍ന്നതാണ്. നിയമസഭാമണ്ഡലം വടക്കാഞ്ചേരിയും ലോകസഭാമണ്ഡലം ആലത്തൂരുമാണ്. 17.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തോളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രവും ആസ്ഥാനവും സ്ഥിതിചെയ്യുന്നത് പറപ്പൂരിലാണ്. ഗ്രാമത്തിന്റെ തെക്ക് കിഴക്ക് അതിര്‍ത്തിയില്‍ അതിവിശാലമായ മുള്ളൂര്‍ക്കായല്‍ (കോള്‍നിലങ്ങള്‍) ജലപരപ്പിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. വടക്ക് കണ്ടാണശ്ശേരി (ആളൂര്‍ വില്ലേജ്), കൈപറമ്പ് (കൈപറമ്പ് വില്ലേജ്) പഞ്ചായത്തുകളും കിഴക്ക് കൈപ്പറമ്പ് (അഞ്ഞൂര്‍, പേരാമംഗലം വില്ലേജുകള്‍), അടാട്ട് (ചിറ്റിലപ്പിള്ളി, അടാട്ട് വില്ലേജുകള്‍) പഞ്ചായത്തുകളും പടിഞ്ഞാറ് ഭാഗത്ത് എളവള്ളി (എളവള്ളി വില്ലേജ്), മുല്ലശ്ശേരി (അന്നകര വില്ലേജ്) പഞ്ചായത്തുകളില്‍പെട്ട അക്കരപാടവും പെരുവല്ലൂര്‍ പ്രദേശവുമാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറ് അതിര്‍ത്തിയിലൂടെ വടക്ക് നിന്ന് തെക്കോട്ട് കേച്ചേരി പുഴ ഒഴുകുന്നു. കിഴക്കുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഗ്രാമത്തിന്റെ മധ്യത്തിലൂടെ തൃശ്ശൂര്‍ ഗുരുവായൂര്‍ റെയില്‍ പാത കടന്നുപോകുന്നു.
ജനസംഖ്യ
2011 സെന്‍സസുപ്രകാരം 4,388 കുടുംബങ്ങളാണ് തോളൂര്‍പഞ്ചായത്തില്‍ ആകെയുള്ളത്. 18,431 വരുന്ന ജനസംഖ്യയില്‍ 8,744 പുരുഷന്മാരും 9,687 സ്ത്രീകളും 13 വാര്‍ഡുകളിലായി ഉണ്ട്. ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ 985 പേര്‍ എന്ന നിരക്കിലാണ് ജനസാന്ദ്രത. ആകെ ജനസംഖ്യയില്‍ 2,705 പേര്‍ (15%) പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. മൊത്തം ജനതയുടെ സാക്ഷരത 98% ആണ്. 2012 ഏപ്രില്‍ മാസത്തിലെ ICDS സര്‍വ്വെ പ്രകാരമുള്ള ജനസംഖ്യാ പട്ടിക ചുവടെ ചേര്‍ക്കുന്നു.
ഭൂപ്രകൃതി
അക്ഷാംശം വടക്ക് 10.32 - 10.36 നും രേഖാംശം കിഴക്ക് 76.06 - 76.08 നും ഇടയിലാണ് പച്ചനെല്‍പ്പാടങ്ങള്‍ അതിരിട്ട തോളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇടനാട് മേഖലയില്‍ വരുന്ന ഗ്രാമ പഞ്ചായത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് കുന്നിന്‍ പ്രദേശങ്ങള്‍, താഴ് വരകള്‍, നെല്‍പാടങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. കുന്നിന്‍ മുകളിലും ചരിവ് പ്രദേശങ്ങളിലും ചരല്‍ കലര്‍ന്ന ചെമ്മണ്ണ് ആണ് കൂടുതലായി കണ്ടുവരുന്നത്. കുന്നിന്‍ പ്രദേശങ്ങള്‍ക്ക്് സമുദ്രനിരപ്പില്‍നിന്നും 35 മീറ്ററോളം ഉയരമുണ്ട്. താഴ്‌വരയില്‍ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണും നെല്‍പാടങ്ങളില്‍ മണല്‍ കലര്‍ന്ന കളിമണ്ണുമാണുള്ളത്. PH 5 മുതല്‍ 5.5 വരെ അളവു കാണിക്കുന്ന അമ്ലസ്വഭാവമുള്ള മണ്ണാണ് ഇവിടുത്തേത്. ഭൂവിസ്തൃതിയില്‍ 45 ശതമാനത്തിലേറെ നെല്‍പാടങ്ങളാണ്. അവയില്‍ 80 ശതമാനവും കോള്‍ നിലങ്ങളാണ്. കോള്‍നിലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 3 മീറ്ററോളം താഴ്ന്ന് കിടക്കുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായി ഒഴുകുന്ന കേച്ചേരി പുഴയും കോള്‍ നിലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കിഴക്ക് പ്രദേശത്തോടുകൂടി ഒഴുകുന്ന പീച്ചി ഇറിഗേഷന്‍ കനാലുകളും ചിമ്മിനി മുപ്ലി ജലസ്രോതസ്സുകളും പഞ്ചായത്തിലെ 26 കുളങ്ങളും സാമാന്യം നന്നായി ലഭിക്കുന്ന മഴയും പഞ്ചായത്തിന്റെ ജലസമ്പത്തിനെ സമൃദ്ധമാക്കുന്നു. കേച്ചേരി പുഴയെ അടിസ്ഥാനപ്പെടുത്തി 6 നീര്‍ത്തടങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. പുത്തൂര്‍ നീര്‍ത്തടം, തോളൂര്‍ നീര്‍ത്തടം, ചാലക്കല്‍ നീര്‍ത്തടം, പോന്നോര്‍ നീര്‍ത്തടം, കടവില്‍ കോള്‍ നീര്‍ത്തടം, ചാത്തന്‍ കോള്‍ നീര്‍ത്തടം എന്നിവയാണവ. പഞ്ചായത്തിലെ നീര്‍ത്തടങ്ങളില്‍ ശേഖരിക്കുന്ന ജലം ഏനാമാവ് റഗുലേറ്റര്‍ വഴി പടിഞ്ഞാറ് കടലില്‍ എത്തിച്ചേരുന്നു.
തോളൂര്‍കുന്ന്, മുള്ളൂര്‍കുന്ന് എന്നിവയാണ് ഇവിടുത്തെ പ്രധാന കുന്നുകള്‍. പ്രാദേശിക വിനോദസഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശങ്ങളാണ് പഞ്ചായത്തിലെ അയിനിക്കാട് തുരുത്ത്, ചോരോതപ്പുഴയോരം എന്നിവ. വിദേശയാത്രക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയാണ്. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ബസ് ഗതാഗതത്തിനായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത ബസ്സ്റ്റാന്റ് തൃശ്ശൂര്‍ ബസ്സ്റ്റാന്റാണ്. തൃശ്ശൂര്‍ - കോഴിക്കോട് ദേശീയപാതയെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പറപ്പൂരിലൂടെ കടന്നുപോകുന്ന അമല - പാങ്ങ് റോഡും പറപ്പൂര്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച് പോന്നോരിലൂടെ കടന്നുപോകുന്ന കൈപറമ്പ് റോഡുമാണ് അവ. തൃശ്ശൂര്‍, ചാവക്കാട്, ഗുരുവായൂര്‍, കുന്ദംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ് സര്‍വീസുകളുണ്ട്.
