Statistics & Development Status of Tholur Grama Panchayat

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സാധാരണഗ്രാമമായിരുന്നു തോളൂര്‍. നാടിന്റെ ഒന്നായുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി വലിയ വികസനമുന്നേറ്റമാണ് ഈ പ്രദേശത്തിന് സാധ്യമായത്. 1994 ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമം വരുന്നതിന് മുമ്പ് അധികമാരും ശ്രദ്ധിക്കാതിരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഈ നിയമം വന്നതിനുശേഷം പ്രാദേശിക സര്‍ക്കാരുകളായി മാറുകയും അധികാര വികേന്ദ്രീകരണത്തിലൂടെ അവയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചവത്സര പദ്ധതികളിലൂടെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരിന്റെ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, വിദ്യാഭ്യാസ നവീകരണ യജ്ഞം എന്നീ മിഷനുകളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുള്ള 'നമ്മള്‍ മുന്നോട്ട്' എന്ന തോളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 10 മിഷനുകളിലൂടെയും വലിയ വികസനമുന്നേറ്റം സാധ്യമായി. നന്മ, ഹരിതസമൃദ്ധി, ഭക്ഷ്യസമൃദ്ധി, ഗ്രാമപൊലിമ, ഹരിതശ്രീ, മുത്തശ്ശിമാവും മാമ്പഴക്കൂട്ടങ്ങളും, നമ്മള്‍ മുന്നോട്ട്, ഗ്രീന്‍ തോളൂര്‍ ക്ലീന്‍ തോളൂര്‍, നന്മയുള്ള നാട്ടുവീഥികള്‍, നാട്ടറിവ് എന്നിവയാണ് ആ 10 മിഷനുകള്‍. പദ്ധതി നിര്‍വഹണ അവലോകനത്തോടൊപ്പം 30 ജനകീയ ക്യാമ്പയിനുകള്‍ക്കും ഇതിലൂടെ തുടക്കമായി.

അടിസ്ഥാന സൗകര്യ വികസനം - സാമൂഹ്യ വികസനം - പരിസ്ഥിതി സംരക്ഷണം

അടിസ്ഥാന സൗകര്യവികസനത്തില്‍ തോളൂര്‍ ദേശം പുരോഗമനത്തിന്റെ പാതയിലാണ്. പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള മുള്ളൂര്‍ക്കായല്‍ - പറപ്പൂര്‍ റോഡ്, പറപ്പൂര്‍ - കൈപറമ്പ് റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍. കൂടാതെ പോന്നാര്‍ എടക്കളത്തൂര്‍ മുക്കോല റോഡ്, പറപ്പൂര്‍ ചാലയ്ക്കല്‍ ഊരകം റോഡ് എന്നിവയും മറ്റ് പഞ്ചായത്ത് റോഡുകളും പ്രദേശത്തെ ഗതാഗതം സുഗമമാക്കുന്നു. പുതിയ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപണികളും കാലാകാലങ്ങളില്‍ ചെയ്ത് വരുന്നുണ്ട്. പഞ്ചായത്തിലുള്ള രണ്ടു പ്രധാന പാലങ്ങളാണ് മുള്ളൂര്‍ക്കായല്‍ പാലവും ചോരോതപ്പാലവും. പഞ്ചായത്തിന്റെ തനതു വരുമാനസ്രോതസ്സുകളും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വികസന ഫണ്ടുകളും സര്‍ക്കാരിന്റെ മെയിന്റനന്‍സ് ഗ്രാന്റ്, ധനകാര്യകമ്മീഷന്‍ ഗ്രാന്റുകളും, നബാര്‍ഡ് ധനസഹായങ്ങളുമാണ് പ്രധാനമായും വികസനചെലവുകളിലേക്കും മറ്റും വിനിയോഗിക്കുന്നത്. 2012-2017 പദ്ധതി കാലഘട്ടത്തില്‍ 14.66 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നിര്‍വഹിച്ചത്.

കെ.എസ്.ഇ.ബി. പറപ്പൂര്‍ സെക്ഷനു കീഴിലാണ് പഞ്ചായത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിച്ചിട്ടുള്ളത്. 1960 കളില്‍ പഞ്ചായത്തിന്റെ എല്ലാഭാഗത്തും വൈദ്യുതി എത്തിയിരുന്നു. അത്താണി-കുന്ദംകുളം സബ്‌സ്‌റ്റേഷനുകളില്‍ നിന്നാണ് ഈ പ്രദേശത്തേക്ക് വൈദ്യുതി വരുന്നത്. ഈ രണ്ട് സബ് സ്്‌റ്റേഷനുകളുടെയും അറ്റത്താണ് ഈ പ്രദേശം. രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കികൊണ്ട് 1027 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

22 പൊതു കിണറുകളും 189 പൊതു കുടിവെളള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. തോളൂര്‍ ചിറ ലിഫ്റ്റ് ഇറിഗേഷന്‍, എടക്കളത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍, തോളൂര്‍കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍, ചോരോത ലിഫ്റ്റ് ഇറിഗേഷന്‍, മാക്ക് തോട് ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവ പഞ്ചായത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നു. 98 സ്വകാര്യ കുഴല്‍ കിണറുകളും 18 പൊതു കുഴല്‍ കിണറുകളും പഞ്ചായത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 689 സ്വകാര്യ കണക്ഷനുകളും കുടിവെള്ള പദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്. 27 സ്വകാര്യ കുളങ്ങളും 8 പൊതുകുളങ്ങളും പഞ്ചായത്തിലുണ്ട്. മനപ്പാട്ട് പറമ്പ് കുടിവെള്ള പദ്ധതി, ചാലക്കല്‍ മഠം പരിസരം കുടിവെള്ള പദ്ധതി, കടാം തോട് കുടിവെള്ള പദ്ധതി, ഗാന്ധിനഗര്‍ കുടിവെള്ള പദ്ധതി, ചെറുവത്തൂര്‍ പടിഞ്ഞാറ്റുമുറി കുടിവെള്ള പദ്ധതി, എടക്കളത്തൂര്‍ ലക്ഷം വീട് കുടിവെള്ള പദ്ധതി, മുള്ളൂര്‍ സമഗ്ര കുടിവെള്ള പദ്ധതി, കരുവാന്‍ പടി നാഗത്താന്‍കാവ് കുടിവെള്ള പദ്ധതി, അമ്പല നട ഐക്കരപുറം കുടിവെള്ള പദ്ധതി, എടത്തറ കുടിവെള്ള പദ്ധതി, തോട്ടപ്പാന്‍ കുടിവെള്ള പദ്ധതി തുടങ്ങി 12 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

പഴയതും പുതിയതുമായ വിവിധ കെട്ടിടങ്ങളിലായി നൂറോളം വ്യാപാര വ്യവസായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പറപ്പൂര്‍ പള്ളി മാര്‍ക്കറ്റ് തന്നെയാണ് ഇന്നും പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. കൂടാതെ ഗ്രാമപഞ്ചായത്ത് വക ഒരു ഷോപ്പിംഗ് കോംപ്ലക്‌സും രണ്ട് സ്വകാര്യ ഷോപ്പിംഗ് കോപ്ലക്‌സുകളും പറപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറപ്പൂരിലെ പഴയ ചന്തയില്‍ ഒരു പെട്രോള്‍ ബങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. പോന്നാറില്‍ ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റിഹാള്‍ പ്രവര്‍ത്തിക്കുന്നു. ഒരു കല്യാണ മണ്ഡപവും പഞ്ചായത്തിലുണ്ട്. കൂടാതെ പോന്നോരില്‍ പഞ്ചായത്ത് വക ഒരു കളിസ്ഥലവും ഉണ്ട്. തോളൂര്‍, ചാലയ്ക്കല്‍ വില്ലേജ് ഓഫീസുകള്‍ പറപ്പൂരും എടക്കളത്തൂര്‍ വില്ലേജ് ഓഫീസ് പോന്നോരും സ്ഥിതി ചെയ്യുന്നു. കാര്‍ഷിക രംഗത്തെ സേവനങ്ങള്‍ക്കായി പറപ്പൂരില്‍ ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറപ്പൂര്‍, എടക്കളത്തൂര്‍, പോന്നാര്‍, തോളൂര്‍ എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറപ്പൂരില്‍ ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും പ്രവര്‍ത്തിക്കുന്നു. ആരോഗ്യരംഗത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോപതി ഡിസ്‌പെന്‍സറി എന്നിവയും ഒരു വെറ്റിനറി ഡിസ്‌പെന്‍സറിയും പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസരംഗത്ത് രണ്ട് ഗവണ്‍മെന്റ് സ്‌കൂളുകളും 6 സ്വകാര്യ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീ ശാക്തീകരണവും പ്രാദേശിക സാമ്പത്തിക വികസനവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ADS, CDS, എന്നീ ത്രിതല സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് സ്ഥലവും ആധുനിക സൗകര്യങ്ങളും നല്‍കികൊണ്ട് ഒരു വനിതാ വ്യവസായ കേന്ദ്രവും തോളൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ 135 അയല്‍ക്കൂട്ടങ്ങളും 25 JLG ഗ്രൂപ്പുകളും 10 സംരംഭങ്ങളും 20 ബാലസഭാ ഗ്രൂപ്പുകളുമാണ് കുടുംബശ്രീക്കു കീഴില്‍ തോളൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ഹെല്‍പ് ഡെസ്‌കും നല്ല രീതിയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പോഷകാഹാര കിറ്റ് വിതരണം, വിവിധ ധനസഹായങ്ങള്‍, സബ്‌സിഡികള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, തൊഴില്‍ പരിശീലനം, ആട് കോഴി വളര്‍ത്തല്‍ പദ്ധതികള്‍, ജൈവ പച്ചക്കറി കൃഷി എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്.

തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന 28 കോളനികളാണുള്ളത്. 774 വീടുകളും 125 ഉപകുടുംബങ്ങളുമായി 2,982 പേരാണ് താമസിച്ചു വരുന്നത്. പാണന്‍, മണ്ണാന്‍, പറയ, പുലയ, വേട്ടുവ, കണക്ക എന്നീ സമുദായക്കാരാണ് പട്ടികജാതിക്കാരായി തോളൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത്. പട്ടികവര്‍ഗ്ഗക്കാര്‍ ആരുംതന്നെ ഈ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായി ഇല്ല. പഞ്ചായത്ത് ഭവനനിര്‍മ്മാണം, മൈത്രി, ഇന്ദിര ആവാസ് യോജന, ഇ. എം. എസ് ഭവനപദ്ധതി, ലൈഫ് മിഷന്‍ എന്നിവയിലൂടെ ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നുണ്ട്. കൂടാതെ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും എസ്. ജി. ആര്‍. വൈ പദ്ധതിയും പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി സ്വാഭിമാന്‍, എസ്. ജി. എസ്. വൈ പദ്ധതികളും പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്നുണ്ട്.

കോളനിയുടെ പേര്
വാര്‍ഡ്
വീടുകളുടെ എണ്ണം
1
എടക്കളത്തൂര്‍ തെക്കേപുറത്ത് കോളനി
12
2
എടക്കളത്തൂര്‍ മണ്ണാന്‍പുരയ്ക്കല്‍
6
3
എടക്കളത്തൂര്‍ കിഴക്കുമുറി
6
4
പഴമുക്ക് കോളനി
27
5
എടക്കളത്തൂര്‍ ലക്ഷംവീട്
11
6
പാറക്കൂട്ടം കോളനി
6
7
മുതുവന്നൂര്‍ കോളനി
9
8
അരിവണ്ണിക്കല്‍ കോളനി
7
9
എടക്കളത്തൂര്‍ ഗാന്ധിനഗര്‍
7
10
ശിവനട ലക്ഷംവീട്
8
11
പോന്നോര്‍ കോളനി
86
12
തോളൂര്‍ സ്‌റ്റെപ്പ് പാലം കോളനി
5
13
തോളൂര്‍ ശാന്തിനഗര്‍
9
14
തോളൂര്‍ ഹരിശ്രീനഗര്‍
9
15
തോളൂര്‍ റെയില്‍വെ ക്രോസ് കോളനി
6
16
ആശുപത്രി റോഡ് കോളനി
5
17
പറപ്പൂര്‍ നാഗത്താന്‍കാവ് കോളനി
10
18
പറപ്പൂര്‍ ലക്ഷവീട്
13
19
പറപ്പൂര്‍ ബ്രദേഴ്‌സ്
6
20
മനപ്പാട്ട്പറമ്പ് കോളനി
38
21
മനപ്പാട്ട്പറമ്പ് ലക്ഷംവീട്
14
22
ചാലയ്ക്കല്‍ മഠം
9
23
പാറയ്ക്കല്‍ കോളനി
6
24
ചാലയ്ക്കല്‍ പാറ കോളനി
23
25
ഐനിക്കാട് കോളനി
29
26
മുള്ളൂര്‍കുന്ന് കോളനി
13
27
മുള്ളൂര്‍ വാഴച്ചാല്‍ കോളനി
5
28
അരക്കുളം പറയന്‍ കോളനി
7
ആകെ
392
കൃഷി - വ്യവസായം - തൊഴില്‍ - സാമ്പത്തികം

ഭൂവിസ്തൃതിയില്‍ നെല്‍കൃഷി ഒട്ടുംതന്നെ കുറയാതെ സംരക്ഷിച്ചുപോരുന്ന അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നാണ് തോളൂര്‍ ഗ്രാമപഞ്ചായത്ത്. 750 ഹെക്ടര്‍ സ്ഥലത്തും നെല്‍കൃഷിയുണ്ട്. ഗ്രാമപഞ്ചായത്തിലെ നെല്‍പാടങ്ങളെ 3 ആക്കി തരംതിരിക്കുന്നുണ്ട്. 1. വിരിപ്പ് മുണ്ടകന്‍ കൃഷി ചെയ്യുന്ന ഇരുപ്പൂ നിലങ്ങള്‍, 2. മുണ്ടകന്‍ പുഞ്ചകൃഷി, 3. പുഞ്ചകൃഷി ചെയ്യുന്ന കോള്‍നിലങ്ങള്‍. 11 പാടശേഖരങ്ങളില്‍ 8 എണ്ണം കോള്‍നിലങ്ങളാണ്. കോള്‍ പാടങ്ങള്‍ കേരളത്തില്‍തന്നെ പ്രാധാന്യമേറിയ കോള്‍പടവുകളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ നീര്‍ത്തടമായ ചാലക്കല്‍ നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്ന 250 ഹെക്ടര്‍ വിസ്തൃതിയുള്ള സംഘം സൗത്ത് കോള്‍പടവാണ് വിസ്തൃതിയില്‍ ഒന്നാമതായുള്ളത്. പറപ്പൂര്‍ സര്‍വീസ് സഹകരണ സംഘമാണ് കോള്‍ പടവുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കൃഷി വകുപ്പ് മുഖേനെ നല്‍കുന്ന ഗുണമേന്മയേറിയ വിളവ് സാധ്യമാക്കുന്ന നെല്‍വിത്തുകളും ജനകീയാസൂത്രണ പദ്ധതി പ്രകാരം നല്‍കുന്ന നെല്‍വിത്ത് സബ്‌സിഡികളും നെല്‍കര്‍ഷകര്‍ക്ക് നല്‍കിവരുന്നു. ഹെക്ടറിന് ശരാശരി 6 ടണ്‍ നെല്ലുല്‍പാദനമാണ് പഞ്ചായത്തില്‍ ലഭിക്കുന്നത്. സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ സപ്ലൈകോ മുഖേനയാണ് പ്രധാനമായും നെല്ല് സംഭരണം നടത്തുന്നത്.

ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ വിവിധയിനം വിളകള്‍ പഞ്ചായത്തില്‍ കൃഷി ചെയ്തുവരുന്നു. തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, ജാതി, മരച്ചീനി, ഇഞ്ചി, കുരുമുളക്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. നിലവില്‍ 275 ഹെക്ടര്‍ സ്ഥലത്ത് പഞ്ചായത്തില്‍ തെങ്ങ് കൃഷി ചെയ്തുവരുന്നു. ശരാശരി 60-80 നാളികേരമാണ് തെങ്ങൊന്നിന് പ്രതിവര്‍ഷ ഉല്‍പാദനം. തെങ്ങ് കര്‍ഷകര്‍ക്ക് വളം സബ്‌സിഡി നല്‍കി വരുന്നുണ്ട്. കേരള സര്‍ക്കാരിന്റെ കേരഗ്രാമം പദ്ധതി പഞ്ചായത്തില്‍ നടപ്പിലായി വരുന്നുണ്ട്. വാര്‍ഡു തലത്തില്‍ കര്‍ഷകഗ്രാമസഭകളും ഒരു കേരകര്‍ഷക സൊസൈറ്റിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പാടശേഖരങ്ങളുടെയും കായലുകളുടെയും ഓരങ്ങളില്‍ തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, ജാതി, കുരുമുളക് എന്നിവ വച്ചുപിടിപ്പിക്കുന്നുണ്ട്. നേന്ത്രന്‍, റോബസ്റ്റ്, ഗ്രാന്റ്‌നെയില്‍, ജയഡ് ഗവര്‍നെര്‍, ചിറാപുഞ്ചി, അമൃതവാണി, പാളയംകോടന്‍, കുന്നന്‍, പൂവന്‍, ഞാലിപൂവന്‍, വണ്ണന്‍, ചെട്ടി, നേദ്യകദളി, എന്നീ വ്യത്യസ്ത ഇനം വാഴകളാണ് ഇവിടെ കൃഷി ചെയ്തുവരുന്നത്. പരമ്പരാഗതമായി ഭൂസൂചിക പദവി ലഭിച്ച ചെങ്ങാലിക്കോടന്‍ വാഴക്കൃഷി ഇവിടെ ചെയ്ത് വരുന്നുണ്ട്. ഗുരുവായൂരിലേക്കുള്ള കാഴ്ചക്കുലകള്‍ക്ക് പുറമേ ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളും (കന്നുകള്‍) ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. തോളൂര്‍ പഞ്ചായത്തില്‍ ഏകദേശം 10 ഹെക്ടറോളം സ്ഥലം മാത്രമാണ് തരിശായി കിടക്കുന്നത്. എല്ലായിടത്തും കൃഷി ചെയ്യുക, എല്ലാവരും കൃഷി ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കൃഷി വകുപ്പിന്റെയും തൃതല പഞ്ചായത്തുകളുടെയും കഴിഞ്ഞ കാലത്തെ കൂട്ടായ പരിശ്രമത്താല്‍ ഒട്ടേറെ തരിശുനിലങ്ങള്‍ നിലവില്‍ കൃഷിഭൂമിയാക്കി മാറ്റുവാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വീട്ടുപറമ്പുകളിലും ഒന്നാം വിളയ്ക്കുശേഷം നെല്‍വയലുകളിലും പച്ചക്കറി കൃഷി ചെയ്തുവരുന്നു. ഈ പ്രദേശത്ത് വേനല്‍ക്കാല പച്ചക്കറികളാണ് സാധാരണ കൃഷി ചെയ്യുന്നത്. മത്തന്‍, കുമ്പളം, വെള്ളരി, കയ്പ, പടവലം, വെണ്ട, വഴുതന, ചീര, പച്ചമുളക് എന്നിവയാണ് വേനല്‍ പച്ചക്കറികളായി കൃഷി ചെയ്യുന്നത്. കൊള്ളി, കൂര്‍ക്ക, മധുരക്കിഴങ്ങ്, എന്നീ കിഴങ്ങുവര്‍ഗ്ഗങ്ങളാണ് ഇവിടെ സര്‍വ്വസാധാരണമായി കൃഷി ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ജീവനി പദ്ധതി പ്രകാരം പച്ചക്കറി വികസന പദ്ധതിയും അടുക്കള തോട്ടം പദ്ധതിയും പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നു. കൃഷിഭവനോട് ചേര്‍ന്ന് ഒരു ആധുനിക കാര്‍ഷിക പരിശീലന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണവും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം 700 കര്‍ഷക കുടുംബങ്ങളാണുള്ളത്. 1994 ലാണ് തോളൂരില്‍ മൃഗാശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ ഒരു ഉപകേന്ദ്രം എടക്കളത്തൂരിലും പ്രവര്‍ത്തിച്ചുവരുന്നു. ക്ഷീര കര്‍ഷകരുടെ പാല്‍ ശേഖരണത്തിനു വേണ്ടി പറപ്പൂര്‍ കേന്ദ്രമായി ഒരു ക്ഷീര വ്യവസായ സഹകരണ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. തോളൂര്‍ ഗ്രാമപഞ്ചായത്തിലെ 2012 കനേഷുമാരി കണക്കു പ്രകാരം 925 കന്നുകാലികള്‍, 911 ആടുകള്‍, 6,402 കോഴികള്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിവര്‍ഷം 5 ലക്ഷത്തോളം ലിറ്റര്‍ പാല്‍ ശേഖരിച്ച് വിപണനം ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ വന്ധ്യതാ നിവാരണ പദ്ധതികളും മുഴുവന്‍ വാര്‍ഡുകളിലും മൃഗാശുപത്രി മുഖാന്തിരം നടപ്പിലാക്കുന്നു.

1995-96 വര്‍ഷത്തില്‍ ഏകദേശം 78 വ്യവസായങ്ങള്‍ ഈ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് പലവിധ കാരണങ്ങളാല്‍ ഈ വ്യവസായങ്ങള്‍ 46 എണ്ണമായി കുറഞ്ഞു. ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിനഞ്ചോളം സ്വയം തൊഴില്‍ വ്യവസായങ്ങള്‍ നിലവിലുണ്ട്. കല്ലൊര, അടയ്ക്കാവെട്ട്, അടയ്ക്കാ സംഭരണം, കളിയടക്ക സംസ്‌കരണം, ഓട്ടുകമ്പനി, റൈസ്മില്‍, ഓയില്‍മില്‍, ടൈലറിംഗ്, പ്രിന്റിംഗ് പ്രസ്സ്, വുഡ് ഫര്‍ണീച്ചര്‍, പ്ലാസ്റ്റിക് കമ്പനി, ട്രാന്‍സ്‌ഫോര്‍മര്‍ പ്രൊഡക്ഷന്‍ യൂണിറ്റ്, പെയിന്റിംഗ് കമ്പനി, വെല്‍ഡിങ്ങ് യൂണിറ്റ്, ഹോളോബ്രിക്‌സ് നിര്‍മ്മാണം, അലുമിനിയം, പി.വി.സി ഡോര്‍ നിര്‍മ്മാണം, ആയുര്‍വേദ മരുന്ന് നിര്‍മ്മാണം, കാപ്പിപൊടി സംസ്‌കരണം, ബേക്കറി, പലഹാരനിര്‍മ്മാണം, മീന്‍കട്ടിംഗ് എന്നിവ ഇവിടെ നിലനില്‍ക്കുന്ന തൊഴില്‍ സംരംഭങ്ങളാണ്. വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള പ്രകൃത്യാലുള്ള സാഹചര്യം ഇന്ന് തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലഭ്യമാണ്. ആവശ്യമുള്ളത്രയും സ്ഥലം, വെള്ളത്തിന്റെ ലഭ്യത, വൈദ്യുതി എന്നിവക്ക് അനുകൂലമായ ഒരവസ്ഥയാണ് ഇവിടെയുളളത്.

2008 വര്‍ഷം മുതലാണ് മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതി പഞ്ചായത്തില്‍ ആരംഭിക്കുന്നത്. നിലവില്‍ 1,321 തൊഴിലാളികള്‍ സജീവമായി ജോലിക്കുണ്ട്. ഓരോ വര്‍ഷവും ഏകദേശം 50 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ട്. 13 റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനും വിവിധ വാര്‍ഡുകളിലെ കാനനിര്‍മ്മാണവും ഇതുവഴി സാധ്യമായിട്ടുണ്ട്. 3 ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റുകളും 5 ഫലവൃക്ഷ നഴ്‌സറികളും തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നുണ്ട്. പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് പഞ്ചായത്തിലെ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനം. ഇതിന്റെ ശാഖകള്‍ എടക്കളത്തൂര്‍, പോന്നോര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ധനലക്ഷ്മി ബാങ്കിന്റെ ഒരു ശാഖയും കേരള ഗ്രാമീണ്‍ ബാങ്കും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആകെ ജനസംഖ്യ
(ആകെ കുടുംബങ്ങള്‍)
18,431 (4,388)
പുരുഷന്മാര്‍
സ്ത്രീകള്‍
8,744
9,687
ആകെ തൊഴിലാളികള്‍
6,862
പുരുഷന്മാര്‍
സ്ത്രീകള്‍
4,842
2,020
കര്‍ഷകര്‍
231
പുരുഷന്മാര്‍
സ്ത്രീകള്‍
215
16
കര്‍ഷക തൊഴിലാളികള്‍
444
പുരുഷന്മാര്‍
സ്ത്രീകള്‍
230
214
സ്വയംതൊഴില്‍ സംരംഭകര്‍
(Household Industries)
108
പുരുഷന്മാര്‍
സ്ത്രീകള്‍
77
31
മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍
6,079
പുരുഷന്മാര്‍
സ്ത്രീകള്‍
4,320
1,759
ആരോഗ്യം - ഭക്ഷ്യം - ശുചിത്വം - സാമൂഹ്യക്ഷേമം

ആരോഗ്യപരിപാലനരംഗത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. തോളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഉപകേന്ദ്രമായ എടക്കളത്തൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയാണ് പ്രാഥമിക ചികില്‍സാ സൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍. തോളൂരിലെ നവീകരിച്ച കെട്ടിടത്തില്‍ ലബോറട്ടറി സൗകര്യവുമുണ്ട്. തോളൂര്‍ പഞ്ചായത്ത് ഹോമിയോ ആശുപത്രി 1994 ല്‍ എടക്കളത്തൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ആയുര്‍വേദ ആശുപത്രിയും തോളൂര്‍ പഞ്ചായത്തിലെ ആരോഗ്യ പരിപാലനരംഗത്തുണ്ട്. അമല ഹോസ്പിറ്റല്‍, പാവറട്ടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്. കൂടാതെ ACTS ന്റെ ആംബുലന്‍സ് സേവനും ഈ പ്രദേശത്തുണ്ട്. സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ് തോളൂര്‍ പഞ്ചായത്തിലെ ജനനനിരക്കും മരണനിരക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാതൃശിശുമരണങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഇവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് ആശാപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലുകള്‍മൂലം പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തുന്നുണ്ട്. ഹോമിയോ ഡിസ്‌പെന്‍സറി ആഴ്ചയില്‍ ഒരു ദിവസം പറപ്പൂരിലെ രാജീവ്ഗാന്ധി ഹാളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്‌റ്റോറും രണ്ടു നീതി മെഡിക്കല്‍ സ്‌റ്റോറുകളും പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംവിധാനങ്ങളാണ്.

ക്‌ളീന്‍ തോളൂര്‍ ഗ്രീന്‍ തോളൂര്‍ മിഷന്റെ ഭാഗമായി പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിര്‍മ്മര്‍ജ്ജനവും സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രാട്ടോക്കോളും നടപ്പിലാക്കി വരുന്നു. 2018 സെപ്റ്റംബര്‍ 1 മുതലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ആരംഭിച്ചത്. കൂടാതെ 30 രൂപ നിരക്കില്‍ ഓരോ വീടുകളില്‍ നിന്നും ആഴ്ചതോറും പ്ലാസ്റ്റിക് ശേഖരിച്ച് ബ്ലോക്കിനു കീഴിലുള്ള കൈപറമ്പ് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ യൂണിറ്റില്‍ എത്തിക്കുന്നതിന് ഒരു ശുചിത്വ സേനയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വരംഗത്ത് രാഷ്ട്രപതിയുടെ നിര്‍മ്മല്‍ ഗ്രാമ പുരസ്‌കാരം തോളൂര്‍ ഗ്രാമപഞ്ചായത്ത് നേടിയിട്ടുണ്ട്.

ജില്ലാ നിയമസഹായ വേദി വക്കീലിന്റെ സേവനത്തോടെ നാട്ടുകൂട്ടം പരാതി പരിഹാര അദാലത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പേരാമംഗലം പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് തോളൂര്‍ ഗ്രാമപഞ്ചായത്തു പ്രദേശം വരുന്നത്. തോളൂര്‍ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ ഗ്രാമ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി 2018 ഒക്ടോബര്‍ 2 ന് എല്ലാ വാര്‍ഡുകളിലും ബാല ഗ്രാമസഭകള്‍ രൂപീകരിക്കുകയും ബാല സമിതികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി 2018 ഒക്ടോബര്‍ 1ന് എല്ലാ വാര്‍ഡുകളിലും വയോജന ഗ്രാമസഭകള്‍ ചേരുകയും വയോജന ക്ലബുകള്‍ രൂപീകരിക്കുകയും ചെയ്തു.

ജെ.ബി.കോണ്‍വെന്റ്, നിര്‍മലസദന്‍, എടക്കളത്തൂര്‍ പള്ളിക്കുകീഴിലുള്ള അഗതി മന്ദിരം എന്നിവയാണ് പഞ്ചായത്തിലുള്ള അഗതി മന്ദിരങ്ങള്‍. ശാന്തി മന്ദിരം, പകല്‍ വീട്, ഗുഡ്‌ഷെപ്പേര്‍ഡ് എന്നീ വൃദ്ധസദനങ്ങളും പഞ്ചായത്തിലെ സാമൂഹ്യസേവന രംഗത്തുണ്ട്. സാന്ത്വനചികിത്സക്കായി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സേവനം 120 ഓളം രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. പഞ്ചായത്തില്‍ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 672 പേര്‍ക്കും വാകലാംഗ പെന്‍ഷന്‍ 178 പേര്‍ക്കും വിധവാപെന്‍ഷന്‍ 684 പേര്‍ക്കും അവിവാഹിതരായ 50 വയസ്സുകഴിഞ്ഞ 91 പേര്‍ക്കും തൊഴിലില്ലായ്മ വേതനം 150 പേര്‍ക്കും വാര്‍ദ്ധക്യകാല പെന്‍ഷന്‍ 134 പേര്‍ക്കും നല്‍കിവരുന്നുണ്ട്. പഞ്ചായത്തിലെ വികലാംഗരുടെ സ്ഥിതി വിവരപട്ടിക പ്രകാരം മൊത്തം അംഗവൈകല്യം ബാധിച്ചവരില്‍ 65 ശതമാനം മദ്ധ്യവയസ്‌ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

    പഞ്ചായത്തിലെ വയോജന പ്രവര്‍ത്തനങ്ങള്‍
  1. പകല്‍ വീട്, കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി, പറപ്പൂര്‍
  2. ശാന്തിമന്ദിരം, പറപ്പൂര്‍
  3. നിര്‍മ്മല ഭവന്‍, എടക്കളത്തൂര്‍
  4. തോളൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണം
  5. ഗുഡ് ഷെപ്പേര്‍ഡ്, പോന്നോര്‍
  6. ഇ.എം.എസ് പെയിന്‍ & പാലിയേറ്റീവ് കെയര്‍ വെല്‍ഫെയര്‍ സൊസൈറ്റി
വിദ്യാഭ്യാസം - സംസ്‌കാരം - കലാകായികം

തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളും, സ്വകാര്യ മേഖലയിലുള്ള 6 വിദ്യാലയങ്ങളുമാണുള്ളത്. മുള്ളൂരില്‍ ഒരു സര്‍ക്കാര്‍ എല്‍.പി.സ്‌ക്കൂളും, പോന്നാറില്‍ ഒരു സര്‍ക്കാര്‍ യു.പി.സ്‌ക്കൂളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യ മേഖലയില്‍ 3 എല്‍.പി.സ്‌ക്കൂളും ഒരു യു.പി.സ്‌ക്കൂളും ഒരു ഹൈസ്‌ക്കൂളും പഞ്ചായത്തിലുണ്ട്. പോന്നാര്‍ ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌ക്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ 13 വാര്‍ഡുകളിലായി 21 അങ്കണവാടികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പഞ്ചായത്തിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇവിടുത്തെ വിദ്യാലയങ്ങളില്‍ അധ്യയനം നടത്തുന്നുവെങ്കിലും നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിനു പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്.

പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ 55 സ്റ്റാഫംഗങ്ങളും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 1304 വിദ്യാര്‍ത്ഥികളുമാണുള്ളത്. 2010 ജൂണ്‍ മാസത്തില്‍ ഈ സ്‌കൂള്‍, പള്‌സ്ടു സ്‌കൂള്‍ ആയി ഉയര്‍ന്നു. 17 സ്റ്റാഫും 327 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിലനില്ക്കുന്നു. ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഒറ്റ കെട്ടിടത്തിലായി 18 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഈ കളിസ്ഥലം കായിക പരിശീലനത്തിനായി ഇന്നും ഉപയോഗിക്കുന്നു. സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍, വിദ്യാരംഗം, ആണ്‍പെണ്‍ ലൈബ്രറി, എല്‍.സി.ഡി. റൂം എന്നിവയും 20 ഇന്റര്‍നെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. സ്‌കൂളില്‍ വളരെ നല്ല രീതിയില്‍ സ്‌കൌട്ട് & ഗൈഡ് പ്രവര്‍ത്തനം നടക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ നല്ല പരിശീലനം നേടിയ ഒരു ബാന്റ് സെറ്റ് ടീമും സ്‌കൂളില്‍ ഉണ്ട്. പറപ്പൂരിലെ സെന്റ് ജോണ്‍സ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരക്ഷരരായ ജനങ്ങളെ 98% സാക്ഷരതയിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവയാണ്.

വിദ്യാലയത്തിന്റെ പേര്
കുട്ടികളുടെ എണ്ണം
ആണ്‍
പെണ്‍
ആകെ
ഉടമസ്ഥത
1
സെന്റ്‌ ജോണ്‍സ് LPS, പറപ്പൂര്‍
187
166
353
എയ്ഡഡ്
2
സെന്റ്‌ ജോണ്‍സ് HSS, പറപ്പൂര്‍
710
597
1,307
എയ്ഡഡ്
3
GLPS, മുള്ളൂര്‍
12
16
28
ഗവണ്‍മെന്റ്
4
GWUPS, പോന്നോര്‍
43
39
82
ഗവണ്‍മെന്റ്
5
ലിറ്റില്‍ ഫ്ലവര്‍ LPS, പോന്നോര്‍
55
70
125
എയ്ഡഡ്
6
ലിറ്റില്‍ ഫ്ലവര്‍ LPS ഇംഗ്ലീഷ് മീഡിയം, പോന്നോര്‍
91
77
168
അണ്‍ എയ്ഡഡ്
7
ശ്രീകൃഷ്ണവിലാസം LPS, എടക്കളത്തൂര്‍
57
53
110
എയ്ഡഡ്
8
ശ്രീരാമചന്ദ്ര UPS, എടക്കളത്തൂര്‍
119
83
202
എയ്ഡഡ്

തികച്ചും സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ളതും ജാതിമതഭേദമെന്യേ ഐക്യപ്പെട്ടിരിക്കുന്നതുമായ പ്രദേശമാണ് തോളൂര്‍. 44 ശതമാനം ക്രൈസ്തവരും 55 ശതമാനം ഹിന്ദുക്കളുമുള്ള ഈ പ്രദേശത്ത് 100 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യത്തെ മുസ്ലീം കുടുംബം വന്നത്. ഇപ്പോള്‍ ഏകദേശം 30 മുസ്ലീം കുടുംബങ്ങള്‍ ഇവിടെ ഉണ്ട്. 1994 ലാണ് ഈ പഞ്ചായത്തിലെ ഏക മുസ്ലീം പള്ളി (പറപ്പൂരില്‍) സ്ഥാപിതമായത്. കാലപ്പഴക്കംകൊണ്ടും മറ്റു സവിശേഷതകള്‍കൊണ്ടും ശ്രദ്ധേയങ്ങളായ ഇരുപതോളം ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ദുര്‍ഗാക്ഷേത്രം, അയ്യപ്പന്‍കാവ്, പോന്നോര്‍ ചെറുമുക്ക് ഭഗവതി ക്ഷേത്രം, പോന്നോര്‍ ആയിരംകാവ് ഭഗവതി ക്ഷേത്രം, കുഴിക്കാട്ടുകര ശിവക്ഷേത്രം, വഴിയില്‍ ശേഖരന്‍കാവ് ക്ഷേത്രം, തോളൂര്‍ വിഷ്ണുക്ഷേത്രം, തോളൂര്‍ പിഷാരിയേക്കല്‍ ക്ഷേത്രം, ചാലക്കല്‍ പെരിഞ്ചാല ശിവക്ഷേത്രം, എൈനിക്കാട് കാളിക്ഷേത്രം, മുള്ളൂര്‍ ഭഗവതിക്ഷേത്രം, പറപ്പൂര്‍ നാഗത്താന്‍കാവ് തുടങ്ങിയ ക്ഷേത്രങ്ങളും എടക്കളത്തൂര്‍ സെന്റ് മേരീസ് പള്ളി, പറപ്പൂര്‍ സെന്റ് ജോണ്‍സ് പള്ളി, പോന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി, തോളൂര്‍ സെന്റ് അല്‍ഫോന്‍സാ പള്ളി തുടങ്ങിയ ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തില്‍ ഉണ്ട്. ആയിരംകാവ് പൂരം, നാഗത്താന്‍കാവ് ആയില്യം മഹോത്സവം, എടക്കളത്തൂര്‍ കാര്‍ത്യായനി ക്ഷേത്രം പൂരം, ശേഖരന്‍ കാവ് പൂരം, മുള്ളൂര്‍ പൂരം എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. പറപ്പൂര്‍, പോന്നാര്‍, എടക്കളത്തൂര്‍, തോളൂര്‍ പള്ളിപ്പെരുന്നാളുകളും പഞ്ചായത്തില്‍ ആഘോഷിക്കപ്പെടുന്നു.

പഞ്ചായത്തിന്റെ കലാകായിക സാംസ്‌കാരിക മേഖലയ്ക്ക് പ്രോത്സാഹനമായി നിരവധി കലാകായിക സമിതികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മുള്ളൂര്‍ കാളിദാസ കലാവേദി, പറപ്പൂര്‍ ഫുട്‌ബോള്‍ ക്ലബ്, തോളൂര്‍ ദൃശ്യകലാലയം, എടക്കളത്തൂര്‍ ദേശാഭിമാനി ക്‌ളബ് തുടങ്ങി മുപ്പതോളം കലാകായിക സാംസ്‌കാരിക സംഘടനകള്‍ ഈ പഞ്ചായത്തു പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. കേരളസംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ കീഴില്‍ അഫിലിയേഷനുള്ള 6 വായനശാലകളാണ് പഞ്ചായത്തിലുള്ളത്. എടക്കളത്തൂര്‍ ദേശീയ വായനശാല, എടക്കളത്തൂര്‍ ദേശാഭിമാനി പബ്‌ളിക് ലൈബ്രറി, പോന്നാര്‍ ഹരിജന്‍ വായനശാല, പോന്നാര്‍ ഗ്രാമീണ വായനശാല, പറപ്പൂര്‍ ഗ്രാമീണ വായനശാല, മുള്ളൂര്‍ ഗ്രാമീണ വായനശാല എന്നിവയാണ് പഞ്ചായത്തിന്റെ വായനാലോകത്തെ സമ്പന്നമാക്കുന്നത്. എല്ലാ വായനശാലകളിലും ഒരു ലൈബ്രേറിയന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകവായന രംഗത്തും കൂടാതെ സാംസ്‌കാരിക സാമൂഹിക വിഷയങ്ങളിലും ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നു.

പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പറപ്പൂര്‍ ഫുട്‌ബോള്‍ ക്ലബ് ദേശീയനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി നിരവധി കളിക്കാരാണ് ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിലേക്ക് ഈ ക്ലബില്‍നിന്നും പരിശീലനം നേടി ഉയര്‍ന്നുവന്നിട്ടുള്ളത്. ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ നാഷണല്‍ ഐ-ലീഗ് കളിക്കാന്‍ അവസരം ലഭിച്ച കേരളത്തിലെ ചുരുക്കം ക്ലബുകളില്‍ ഒന്നാണ് പറപ്പൂര്‍ എഫ്. സി. നാടിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ക്ലബ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടു സ്റ്റാര്‍ പദവി ലഭിച്ച കേരളത്തിലെ 4 ക്ലബുകളില്‍ ഒന്നാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത നിര്‍ധനരും പ്രതിഭാശാലികളുമായ 100 ലധികം കുട്ടികളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ CSR ഫണ്ടില്‍ തികച്ചും സൗജന്യമായി ഈ ക്ലബില്‍ നിന്നും പരിശീലനം നേടിവരുന്നത്. പരിശീനം നല്‍കുന്നതിനായി ആധുനികരീതിയില്‍ ഒരു സിന്തറ്റിക് ടര്‍ഫും ക്ലബ്് സ്വന്തമായി പറപ്പൂരില്‍ നിര്‍മ്മിച്ചിട്ടുണ്ട്.