Prominent Figures from Tholur
-

Sri Kochouseph Chittilappilly
Industrial Entrepreneurതോളൂർ ദേശത്തെ പ്രമുഖ സ്ഥലമായ പറപ്പൂരിൽ ജനിച്ച് വളർന്ന് അവിടുത്തെ സെന്റ് ജോൺസ് പള്ളി സ്കൂളിൽ പഠിച്ച് ഇന്ന് രാജ്യത്തിന്റെ വ്യാവസായിക ഭൂപടത്തിൽ പ്രശോഭിക്കുന്ന ശ്രീ കൊച്ചൗസേപ് ചിറ്റിലപ്പിളളി തന്നെയാണ് തോളൂർ ദേശം ഏറ്റവും അഭിമാനിക്കുന്നതും അവിടുത്തെ നിവാസികൾക്ക് എന്നത്തേക്കും പ്രചോദകനായിട്ടുള്ളതും.
സ്കൂൾ പഠനശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1973 ൽ തന്റെ 23-ാമത്തെ വയസ്സിൽ തിരുവനന്തപുരത്ത് ഒരു ഇലക്ടോണിക്സ് നിർമ്മാണ കമ്പനിയിൽ ജോലിക്കു കയറിയ അദ്ദേഹം തുടർന്ന് 1977 ൽ വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു.
Read Moreവോൾട്ടേജ് സ്റ്റബിലൈസറിൽ തുടങ്ങി മോട്ടോർ പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, വയറിങ്ങ് കേബിൾ, UPട, സിലിങ്ങ് ഫാൻ എന്നിങ്ങനെ വിവിധങ്ങളായ ഇലക്ട്രോണിക് ഇലക്ട്രിക് ഉൽപന്നങ്ങളുടെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡായി പറപ്പൂർക്കാരന്റെ വി-ഗാർഡ് വളർന്നു.
വി-ഗാർഡ് ഇൻഡട്രീസിനു പുറമേ, വണ്ടർലാ എന്ന പേരിൽ ബാംഗ്ലൂരിലും കൊച്ചിയിലും ഹൈദരാബാദിലും പ്രവർത്തിക്കുന്ന വാട്ടർ തീം അമ്യൂസ്മെന്റ് പാർക്കുകളും ശ്രീ ചിറ്റിലപ്പിള്ളിയുടെ സംരംഭങ്ങളാണ്. കൊച്ചിയിലേത് കേരളക്കര കണ്ട ആദ്യ വാട്ടർ തീം പാർക്കുമാണ്. കൂടാതെ ചൈന്നെയിൽ വണ്ടർലാ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പുരോഗമിച്ചു വരുന്നു. മക്കളായ അരുണും മിഥുനുമാണ് ഇപ്പോൾ അവയെല്ലാം നോക്കി നടത്തുന്നത്.
വീഗാലാൻഡ് ഹോംസ് എന്ന തന്റെ റിയൽ എസ്റ്റേറ്റ് സംരംഭത്തിലാണ് ഭാര്യ ഷീലയോടൊത്ത് ഇപ്പോൾ ശ്രീ ചിറ്റിലപ്പിള്ളി ശ്രദ്ധയർപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി ഊർജ്ജസംരക്ഷണത്തിന്റെ വില അറിയുന്ന വ്യവസായി കൂടിയാണ് അദ്ദേഹം. എയർ കണ്ടീഷനർ ഇല്ലാതെ ചൂടിനെ അതിജീവിക്കാൻ കഴിയുംവിധം ഓരോ നിലയിലും ചെടികൾ നട്ടുപിടിപ്പിച്ചാണ് കൊച്ചി വെണ്ണലയിലെ വിഗാർഡിന്റെ 12 നിലകളുള്ള കോർപറേറ്റ് സമുച്ചയത്തെ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.
പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തോളൂർ ദേശത്തോടുള്ള കടപ്പാട് അദ്ദേഹം മറക്കുന്നില്ല. കെ. ഫൗണ്ടേഷൻ എന്ന പേരിലുള്ള തന്റെ ട്രസ്റ്റിലൂടെ നിരവധി സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സഹായം ചെയ്ത് വരുന്നു. വൃദ്ധർക്കായി അവരുടെ സംരക്ഷണവും വൈദ്യ സഹായവും നൽകുന്ന പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പകൽവീടും അനാഥ കുട്ടികൾക്കായി അവരുടെ ഭക്ഷണം, താമസം, വിദ്യാഭ്യാസം എന്നിവ നോക്കി നടത്തുന്ന സിസ്റ്റേഴ്സിന്റെ ശാന്തിമന്ദിരവും കെ. ഫൗണ്ടേഷന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ആരംഭിച്ചിട്ടുള്ളതാണ്. അതിന്റെ പ്രയോജനങ്ങൾ തോളൂരിലേക്ക് എന്നല്ല സമീപദേശങ്ങളിലേക്കും ലഭ്യമായികൊണ്ടിരിക്കുന്നു.
ശ്രീ ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അവിടം കൊണ്ടും അവസാനിക്കുന്നില്ല. കിഡ്നി രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ അവയവദാനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഒരു വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ആരെന്ന് അറിയാത്ത ഒരു ട്രക്ക് ഡ്രൈവർക്ക് തന്റെ ഒരു കിഡ്നി ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ആ വിപ്ലവത്തിന് തുടക്കമിട്ടത്. തുടർന്ന് ഡേവിസ് ചിറമ്മലച്ചനുമായി ചേർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് രൂപം കൊടുക്കുകയും ഇന്നും അനേകം കിഡ്നി രോഗികൾക്ക് ആശ്വാസമേകി കൊണ്ട് പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.
തെരുവ് നായ ശല്യം, നോക്കുകൂലി, ഹർത്താൽ തുടങ്ങി ഒട്ടേറെ സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് കേരളത്തിന്റെ ഭരണ - വികസന കാര്യങ്ങളിൽ ഒരു മാതൃകയായി വളർന്നു വന്ന ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മയിൽ അംഗമായി കൊണ്ട് സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്നതിലും അദ്ദേഹം തന്റെ 70-മത്തെ വയസ്സിലും ഊർജ്ജസ്വലനാണ്.
വ്യവസായ രംഗത്തും സാമുഹ്യ രംഗത്തും ഒരുപോലെ ശ്രദ്ധേയനായ ശ്രീ ചിറ്റിലപ്പിള്ളിയെ തേടി നിരവധി അവാർഡുകളാണ് എത്തിയിട്ടുള്ളത്. രാജ്യത്തിന് ഏറ്റവും കൂടുതൽ നികുതി സംഭാവന നൽകുന്ന വ്യക്തി എന്ന നിലയിൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് രാഷ്ട്രീയ സമ്മാൻ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. ടൂറിസം രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2011 ൽ Association of Tourism Trade Organisations, India (ATTOI) യുടെ ടൂറിസം മാൻ ഓഫ് ദ ഇയർ അവാർഡും 2000 ൽ Destination Kerala യുടെ ടൂറിസം മാൻ ഓഫ് ദ ഇയർ അവാർഡും നേടി. 2011 ൽ മലയാള മനോരമ യുടെ ന്യൂസ് മേക്കർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബിസിനസ്സ് ദീപികയിൽ നിന്നും Millennium Businessman of Kerala അവാർഡിനും അർഹനായി.
ആധുനിക കമ്പ്യൂട്ടർ സാങ്കേതിക വിദ്യകളായ ഫേസ്ബുക്ക്, യുട്യൂബ് മുതലായവയെ സാമൂഹ്യ നന്മക്കായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തി കൊണ്ട് സോഷ്യൽ മീഡിയ രംഗത്തും ഏതൊരു ചെറുപ്പക്കാരനെയും പോലെ അദ്ദേഹം സജീവമാണ്. തന്റെ അറിവുകളും അനുഭവങ്ങളും കോർത്തിണക്കി കൊണ്ട് ഏതാനും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രാക്ടിക്കൽ വിസ്ഡം എന്ന പേരിൽ ഒരു പുസ്തക പരമ്പര തന്നെയുണ്ട്. കൂടാതെ തന്റെ ഓർമകളെ ആലേഖനം ചെയ്തുകൊണ്ടുള്ള ഓർമ്മക്കിളിവാതിൽ, ഓർമകളിലേക്ക് ഒരു യാത്ര എന്നീ പുസ്തകങ്ങളും ഉണ്ട്. കിഡ്നിദാനത്തെ കുറിച്ചും അവയവദാനത്തെ കുറിച്ചും പ്രതിപാദിക്കുന്ന ദ ഗിഫ്റ്റ് എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
-

Sri C. V. Pappachan
International Football Playerതോളൂർ ദേശത്തിന്റെ അഭിമാനമാണ് അന്താരാഷ്ട്ര ഫുട്ബോൾ താരം ശ്രീ സി.വി.പാപ്പച്ചൻ. 1965 മെയ് 20ന് പറപ്പൂരില്‍ ചുങ്കത്ത് വർക്കിയുടെയും വെറോനിക്കയുടെയും മൂത്ത മകനായി ജനിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ ക്യാപ്റ്റനോളം വളർന്ന അദ്ദേഹത്തിൽ ഒരു ഫുട്ബോൾ പ്രതിഭ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് നാട്ടുകാരായ തോളൂർ ദേശവാസികൾ തന്നെയാണ്.
പറപ്പൂർ പള്ളി സ്കൂളില്‍ പഠിച്ച് അവിടുത്തെ ഗ്രൗണ്ടിൽ പന്ത് തട്ടി വളർന്ന അദ്ദേഹം തുടർന്ന് തൃശൂർ കേരള വർമ കോളേജിനും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും വേണ്ടി ജഴ്സി അണിഞ്ഞു. സ്പാർക്ക് പറപ്പൂർ ഫുട്ബോൾ ക്ലബ് അംഗമായിരുന്ന അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്തു. മികച്ച സ്ട്രൈക്കറായി എതിരാളികളുടെ ഗോൾ വലയെ ചലിപ്പിക്കുന്നതിൽ ശ്രദ്ധേയനായി.
Read More1983ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻമാരാക്കിയതിലൂടെ പാപ്പച്ചന്റെ മികവ് രാജ്യം കണ്ടു. ജപ്പാനിൽ നടന്ന ലോക രാജ്യങ്ങളുടെ യൂണിവേഴ്സിറ്റി മത്സരത്തിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലംഗമായിരുന്നു. തൊണ്ണൂറുകളില്‍ കേരള പോലീസ് ടീമിന്റെ സൂപ്പര്‍ താരമായി മാറി ശ്രീ പാപ്പച്ചന്‍. 1990 ല്‍ ഫെഡറേഷന്‍ കപ്പ് കിരീടം പോലീസ് ടീമിന് നേടിക്കൊടുത്തത് സുവർണ ചരിത്രമാണ് . ഒന്നരപതിറ്റാണ്ടോളം കേരള പോലീസിന്റെ ബൂട്ടണിഞ്ഞ പാപ്പച്ചന്‍ കാല്‍വെയ്ക്കാത്ത മൈതാനങ്ങള്‍ ഇന്ത്യയിലില്ല എന്ന് തന്നെ പറയാം. ഇതിനു ശേഷം 1998-99 കാലഘട്ടത്തിൽ കേരളത്തിലെ ആദ്യ പ്രൊഫഷണൽ ക്ലബ്ബായ എഫ്.സി.കൊച്ചിനു വേണ്ടിയും ജഴ്സിയണിഞ്ഞു.
സന്തോഷ് ട്രോഫി ടുർണമെൻറിൽ 8 തവണ കേരള സംസ്ഥാന ഫുട്ബോൾ ടീമിനെ ശ്രീ പാപ്പച്ചൻ പ്രതിനിധീകരിച്ചു. 1993 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ ഫൈനലിൽ പാപ്പച്ചൻ നേടിയ കേരളത്തിന്റെ വിജയ ഗോൾ ഫുട്ബോൾ ആരാധകരെ ഇന്നും ഹരം കൊള്ളിക്കുന്നതാണ്. സാഫ് ഗെയിംസ്, നെഹ്റു കപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്ടനില്‍ നിന്നും പോലീസിന്റെ യൂണിഫോമിലേക്ക് കയറിയ പാപ്പച്ചന്‍ സേനക്കു വേണ്ടി സ്തുത്യർഹ സേവനവും കാഴ്ചവച്ചു.
ചെറുതും വലുതുമായ ഒട്ടേറെ പുരസ്കാരങ്ങളാണ് ശ്രീ പാപ്പച്ചനെ തേടി എത്തിയിട്ടുള്ളത്. 1989 ലെ ഡ്യൂറൻറ് കപ്പിലും 1993ലെ ഫെഡറേഷൻ കപ്പിലും മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1994 ൽ കേരള സർക്കാർ അദ്ദേഹത്തെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുത്തു. 1997ൽ കേരള ഫുട്ബോൾ അസോസിയേഷന്റെ GV രാജ പുരസ്കാരവും നേടി. കേരള പോലീസിലെ ഔദ്യോഗിക സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും അദ്ദേഹത്തെ തേടിയെത്തി.
2021 മേയ് മാസത്തില്‍ കേരള പോലീസിൽ നിന്നും വിരമിക്കുമ്പോള്‍ ശ്രീ പാപ്പച്ചൻ എഴുന്നൂറിലധികം അംഗങ്ങളുള്ള റിസർവ് ബറ്റാലിയൻ എന്ന സുരക്ഷാ സേനയുടെ കമാൻഡന്റ് ആയിരുന്നു. തന്നെ വളർത്തി വലുതാക്കിയ പറപ്പൂരിന്റെ മണ്ണിനെ സ്പർശിക്കാൻ തിരക്കുകൾക്കിടയിലും അദ്ദേഹം പലപ്പോഴും എത്താറുണ്ട്. യുവതലമുറയിൽ ഫുട്ബോളിന്റെ ആവേശം നിറയ്ക്കുവാൻ ശ്രീ പാപ്പച്ചൻ എന്നും കൂടെയുണ്ട്, നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പാപ്പി, തോളൂരിന്റെ താരമായി.
-

Sri N. R. Balan
Former Member of Kerala Legislative Assemblyതോളൂർ പഞ്ചായത്തു പ്രദേശത്തു നിന്നും കേരള രാഷ്ട്രീയത്തിലേക്കു ഉയർന്നു വന്ന അതുല്യനായ നേതാവാണ് പോന്നോരിൽ താമസിക്കുന്ന ശ്രീ എൻ. ആർ. ബാലൻ. ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ 1996 ൽ കുന്ദംകുളം നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തുമ്പോൾ അത് അദ്ദേഹത്തിനും തോളൂർ പഞ്ചായത്ത് നിവാസികൾക്കും അർഹിച്ച യോഗ്യതയും ആദരവുമാണ് നേടി തന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ആരംഭത്തിൽ തന്നെ ശ്രീ. എൻ. ആർ. നാട്ടുകാരുടെ പ്രിയങ്കരനായി മാറിയിരുന്നു. തോളൂർ ദേശത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വളർച്ചയിലും വികസന പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ആരെയും വിസ്മയിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസംഗചാതുര്യം വലിയ ആവേശമാണ് നാട്ടുകാരിൽ ഉണർത്തിയിരുന്നത്. തോളൂർ പഞ്ചായത്തു പ്രദേശത്ത് കമ്യൂണിസ്റ്റു പാർട്ടി വേരുപിടിച്ചതും വളർന്നതും ശ്രീ എൻ.ആറിലൂടെയല്ലാതെ നോക്കികാണാനാകില്ല എന്നത് അനിഷേധ്യമായ യാഥാർത്ഥ്യമാണ്.
Read Moreനാലുപുരയ്ക്കൽ രാമന്റെയും അമ്മിണിയുടെയും നാല് ആൺമക്കളിൽ ഏറ്റവും ഇളയവനായി 1949 നവംബർ 29 നായിരുന്നു ശ്രീ. എൻ. ആറിന്റെ ജനനം. പോന്നോർ ഗവൺമെന്റ് വെൽഫെയർ സ്കൂളിലും ലിറ്റിൽ ഫ്ലവർ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പറപ്പൂർ സെന്റ് ജോൺസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും പ്രീഡിഗ്രിയും 1974ൽ ഡിഗ്രിയും പൂർത്തിയാക്കി. അന്ന് കാലത്ത് ഏറെ അപൂർവ്വമായി പഠിച്ചിരുന്ന പൊളിറ്റിക്സ് ഇഷ്ട വിഷയമായെടുത്ത് മൂന്നാം റാങ്ക് നേടികൊണ്ട് തന്റെ പഠന മികവും രാഷ്ട്രീയ പ്രബുദ്ധതയും തെളിയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങളിലുള്ള തീവ്ര താൽപര്യം നിമിത്തം തുടർപഠനം നടത്താനായില്ല എന്നത് അദ്ദേഹം ഇന്നും ഖേദപൂർവ്വം ഓർക്കുന്നു. ജ്യേഷ്ഠ സഹോദൻ മുഖാന്തിരം ബോംബെയിൽ നിന്നും ലഭിച്ച മികച്ച ജോലി വാഗ്ദാനങ്ങൾ നിരസിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകി. 1975ലെ അടിയന്തിരാവസ്ഥ കാലത്ത് ഒളിവിൽ പോകേണ്ടി വന്നെങ്കിലും രാത്രികാല രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
സാമൂഹ്യ പ്രശ്നങ്ങളിൽ ശക്തവും വ്യക്തവുമായ ഇടപെടലുകൾ നടത്തികൊണ്ടാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഓരോ പടികളും അദ്ദേഹം ചവിട്ടി കയറിയത്. പഠിക്കുന്ന കാലത്തു തന്നെ KSYF (ഇന്നത്തെ DYFI) എന്ന യുവജന സംഘടനയുടെ പഞ്ചായത്ത്തല സെക്രട്ടറി ആയിരുന്നു. 1974ൽ പോന്നോരിൽ CPM പാർട്ടി അനുഭാവി ഗ്രൂപ്പ് രൂപീകരിച്ചു കൊണ്ട് പൊതു രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് 1975 ൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.
സമൂഹത്തിലെ ഗൗരവതരമായ ഒട്ടേറെ സമരമുഖങ്ങളിൽ ചെറുപ്പം മുതലേ ശ്രീ എൻ. ആർ നിറഞ്ഞു നിന്നിരുന്നു. തോളൂർ പഞ്ചായത്ത് പ്രദേശത്ത് CITU രൂപീകരിച്ചതും അദ്ദേഹമാണ്. പഞ്ചായത്തിലെ കോൾ പാടങ്ങളിൽ പണിയെടുത്തിരുന്ന ആയിരത്തോളം വരുന്ന കർഷക തൊഴിലാളികളുടെയും, വൈരക്കൽ മേഖലയിലെയും കല്ലുവെട്ട് മേഖലയിലേയും തൊഴിലാളികളുടെയും കൂലിയുമായി ബന്ധപ്പെട്ട സമരങ്ങളിലും കുടികിടപ്പ് സമരങ്ങളിലും അദ്ദേഹം ശക്തമായി നിലകൊണ്ടു. സമരങ്ങളെ തുടർന്ന് പൂട്ടിയ വൈരക്കൽ കമ്പനികൾ തുറന്ന് പ്രവർത്തിക്കുവാൻ 48 ദിവസം തുടർച്ചയായി സമരം ചെയ്തു വിജയത്തിലെത്തിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. അവിശ്വാസ പ്രമേയത്തിലൂടെ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് പറപ്പൂർ സഹകരണ സംഘത്തിന്റെ ഭരണം പിടിച്ചെടുത്തതിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമർത്ഥ്യം ദേശവാസികൾ ആശ്ചര്യത്തോടെ ഇന്നും ഓർക്കുന്നു.
1979 ൽ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്യുമ്പോൾ ശ്രീ എൻ.ആറിന് പ്രായം മുപ്പതു വയസ്സു മാത്രം. തന്റെ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചതും ഒരു ഓലക്കുടിൽ മാത്രമായിരുന്നതുമായ പോന്നോർ വെൽഫെയർ സ്കൂളിനെ UP സ്കൂളാക്കി ഉയർത്താൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിക്കുകയും ജനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ അത് സാധിക്കുകയും ചെയ്തു. തോളൂർ പഞ്ചായത്തിൽ ജനങ്ങൾക്കായി ഒരു പൊതു കളിസ്ഥലം എന്ന നിലക്ക് പോന്നോരിൽ മിനി സ്റ്റേഡിയം ഒരുക്കി എന്നതും അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ ശ്രദ്ധേയമാണ്.
1981 മുതൽ 1996 വരെ 16 വർഷം തുടർച്ചയായി CPM പാർട്ടിയുടെ കുന്ദംകുളം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു എന്നത് ശ്രീ എൻ. ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെയും കേരള രാഷ്ട്രീയ ചരിത്രത്തിലെയും അവിസ്മരണീയമായ വസ്തുതയാണ്. തുടർന്ന് 1996 ലെ തിരഞ്ഞെടുപ്പിൽ കുന്ദംകുളം മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലേക്ക് പടി കയറി. ഇന്ന് പോന്നോർ വെൽഫെയർ UP സ്കൂളിലെ റിട്ട. ടീച്ചറായ ഭാര്യ പുഷ്പത്തോടൊത്ത് വിശ്രമജീവിതം നയിക്കുമ്പോൾ തന്റെ പിന്നിട്ട രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം കൃതാർത്ഥനാണ്. വിവാഹിതരായ രണ്ട് പെൺമക്കളാണുള്ളത്.
-

Mar Joseph Kundukulam (Late)
India's Father of the Poorതോളൂർ പഞ്ചായത്തിലെ പറപ്പൂരില്‍ ജനിച്ചു വളർന്ന് സാമൂഹ്യ സേവന- ജീവകാരുണ്യ രംഗത്ത് കരുത്തുറ്റ മാതൃകയായി ഉയര്‍ന്നുവരുകയും ആഗോള കത്തോലിക്കാ സഭയുടെ തൃശൂർ രൂപതാ ബിഷപ്പായി മാർപാപ്പയാൽ ഉയർത്തപ്പെടുകയും ചെയ്ത മാർ ജോസഫ് കുണ്ടുകുളം പിതാവിനെ ജന്മനാടിന് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. ക്ലേശിക്കുന്നവരിൽ ദൈവത്തെ ദർശിക്കണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച ആത്മീയശ്രേഷ്ഠനാണ് മാര്‍ ജോസഫ് കുണ്ടുകുളം. പാവങ്ങളുടെ പിതാവ് എന്നറിയപ്പെട്ടുകൊണ്ട് ആർക്കും വേണ്ടാത്ത നിത്യരോഗികളുടെയും അശരണരായ പാവങ്ങളുടെയും കണ്ണീരൊപ്പുവാൻ അഹോരാത്രം അദ്ധ്വാനിച്ച പിതാവ് ജാതി മത ഭേദമെന്യേ ഏവരും ആദരിക്കുന്ന രാജ്യത്തിന്റെ പുണ്യമാണ്.
ഇന്ത്യയിലെ ആദ്യ ക്രിസ്തീയ പള്ളി സ്ഥാപിതമായ പാലയൂരിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പറപ്പൂര്‍. ഇവിടുത്തെ ക്രിസ്തീയ സമൂഹവും അവരുടെ വിശ്വാസപാരമ്പര്യവും അത്രമേല്‍ ശക്തമാണ്. ഒട്ടേറെ സന്യസ്തര്‍ ഈ പ്രദേശത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്തുവരുന്നു. അവര്‍ക്കെല്ലാം എക്കാലവും പ്രചോദനവും വഴികാട്ടിയുമായാണ് മാര്‍ കുണ്ടുകുളം കടന്നുപോയത്. എല്ലാവർക്കും എല്ലാമായി എന്ന മുദ്രാവാക്യത്തെ അന്വർത്ഥമാക്കികൊണ്ട് ആർക്കും വേണ്ടാത്തവരടക്കം എല്ലാവർക്കും സ്നേഹവും സംരക്ഷണവും നൽകിപോന്ന മാര്‍ ജോസഫ് കുണ്ടുകുളം തോളൂര്‍ ദേശത്തിന്റെ നന്മയുടെ സാക്ഷ്യപത്രം കൂടിയാണ്.
Read Moreലളിത ജീവിതവും കാരുണ്യമാര്‍ന്ന ചിന്തയും മാര്‍ ജോസഫ് കുണ്ടുകുളത്തെ വൃത്യസ്തനാക്കിയിരുന്നു. നിരാലംബരോടും നീതി നിഷേധിക്കപ്പെട്ടവരോടും ആവശ്യത്തില്‍ ഞെരുങ്ങുന്നവനോടും ഈ പുരോഹിത ശ്രേഷ്ഠന്‍ എക്കാലവും ഐക്യദാര്‍ഢ്യം പുലര്‍ത്തിയിരുന്നു. തെരുവിലെ യാചകർക്കും വിശക്കുന്നവർക്കും ജയിലിലെ തടവുകാർക്കിടയിലേക്കും ആ സ്നേഹം എത്തി. വീട്ടുകാരും സമൂഹവും തിരസ്കരിച്ചവരെ നല്ല കുടുംബ ജീവിതത്തിലേക്കു വഴി നടത്തിച്ചു. ഓരോ എളിയവനിലും തന്റെ സഹോദരനുണ്ടെന്ന ഉറച്ച കാഴ്ചപ്പാട് പിതാവിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. പള്ളികളിലെ ദുര്‍വ്യയങ്ങള്‍ക്കും വെടിക്കെട്ടുകള്‍ക്കും എന്നും പിതാവ് എതിരായിരുന്നു. ദുര്‍ബലരോടും പാവപ്പെട്ടവരോടും ചേര്‍ന്ന് നില്‍ക്കാനുള്ള വ്യഗ്രത കുണ്ടുകുളം പിതാവിന്റെ മുഖമുദ്ര തന്നെയായിരുന്നു.
അവിവാഹിതരായ സഹോദരിമാർക്കും അനാഥ കുട്ടികൾക്കുമായി പുല്ലഴിയിൽ സ്ഥാപിച്ച സെന്റ് ക്രിസ്റ്റീനാസ് ഹോം, സെൻ്റ് ജോസഫ്സ് മാനസികാരോഗ്യകേന്ദ്രം എന്നിവ, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കായുള്ള പെരിങ്ങണ്ടൂരിലെ പോപ്പ് പോള്‍ മേഴ്സി ഹോം, എയ്ഡ്സ് രോഗികള്‍ക്കായുള്ള ഗ്രേസ് ഹോം എന്നിവ, ഏങ്ങണ്ടിയൂരിലെ മേരി ഇമ്മാക്കുലേറ്റ് ബോയ്സ് ടൗൺ ഓര്‍ഫനേജ്, മനക്കൊടിയിലെ സാവിയോ ഹോം, തലോരിലെ മേരിലാൻഡ് സാമൂഹ്യകേന്ദ്രം, അവിണിശ്ശേരിയിലെ സെൻ്റ് ജോസഫ്സ് ബാലസദനം, അഗതികള്‍ക്കായുള്ള മരത്താക്കരയിലെ അസ്സീസി നിലയം, അനാഥകുട്ടികള്‍ക്കായുള്ള മുളയത്തെ എസ്.ഒ.എസ്. ഗ്രാമം, സ്നേഹാലയം എന്നിവ, ചേലക്കരയിലെ സാമൂഹ്യകേന്ദ്രം, കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കുന്ന വടക്കാഞ്ചേരിയിലെ അസ്സീസി റിഹാബിലിറ്റേഷൻ & ഡി-അഡിക്ഷൻ സെൻ്റർ, ജയിൽ വിമുക്തരെ പുനരധിവസിപ്പിക്കുന്ന വെട്ടുക്കാട്ടുള്ള സ്നേഹാശ്രമം, കൊഴിഞ്ഞാമ്പാറയിലെ സെന്റ് ക്രിസ്റ്റീനാസ് റിഹാബിലിറ്റേഷൻ സെന്റര്‍, ഇങ്ങനെ മനുഷ്യജീവിതത്തിന് അത്താണിയാകുന്ന ഒരുപാട് സ്ഥാപനങ്ങള്‍ക്കുവേണ്ടി പിതാവ് അഹോരാത്രം അദ്ധ്വാനിച്ചു.
ചിറ്റാട്ടുകരയില്‍ നിന്നും പറപ്പൂരിലെത്തിയ കുണ്ടുകുളങ്ങര തറവാടിന്റെ താവഴികളിൽ കുരിയപ്പന്‍ -ഉണ്ണിച്ചാരു ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനായി 1917 സെപ്റ്റംബർ 26 ന് ആയിരുന്നു കൊച്ചൗസേപ്പ് എന്ന ജോസഫ് കുണ്ടുകുളത്തിന്റെ ജനനം. രണ്ട് ഇളയ സഹോദരിമാരും ഉണ്ടായിരുന്നു. CMC സന്യാസസഭയിൽ ചേർന്ന് അവരും സന്യസ്തജീവിതം നയിക്കുകയാണുണ്ടായത്. സാമാന്യം ഭേദപ്പെട്ട ചുറ്റുപാടുകളുള്ള ഒരു കര്‍ഷക കുടുംബമായിരുന്നു അവരുടേത്. കൊച്ചൌസേപ്പിന്റെ കുട്ടിക്കാല ജീവിതത്തെ സ്വാധീനിച്ചത് അമ്മ തന്നെയായിരുന്നു. അടിയുറച്ച ദൈവവിശ്വാസവും മറ്റുള്ളവരോട് അനുകമ്പയുമുള്ള ആ അമ്മ നല്ലൊരു ദാനശീല കൂടിയായിരുന്നു. നിത്യവും പള്ളിയിൽ പോകുമായിരുന്ന ഈ അമ്മ തിരികെ വരുമ്പോള്‍ കൂടെയുള്ള അമ്മമാര്‍ക്ക് വസ്ത്രമോ അരിയോ പൊതിയാക്കി അവരുടെ കൈകളില്‍ കൊടുത്തുവിടുമായിരുന്നു. മറ്റുള്ളവരുടെ ഇല്ലായ്മകള്‍ കണ്ടാല്‍ ഉണ്ണിച്ചാരുവിന് സഹിക്കാന്‍ കഴിയുമായിരുന്നില്ല.
കൊച്ചൌസേപ്പ് പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌ക്കൂളിലാണ് ആറാം ക്ലാസ്സുവരെ പഠിച്ചത്. അക്കാലത്ത് മംഗലാപുരം സെമിനാരിയില്‍ ശെമ്മാശനായിരുന്ന ഇളയപ്പൻ കൊച്ചസേപ്പിന്റെ ഭാവി കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതില്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇളയപ്പന്‍ പുരോഹിതനായി ഇരിങ്ങാലക്കുട പടിഞ്ഞാറെ പള്ളിയില്‍ സേവനമനുഷ്ഠിക്കുന്ന കാലത്ത് ആറാം ക്ലാസ്സ് ജയിച്ച കൊച്ചൌസേപ്പ് ഇളയപ്പനോടൊപ്പം നിന്ന് ഇരിങ്ങാലക്കുടയില്‍ ഏഴാം ക്ലാസ്സ് മുതല്‍ക്കുള്ള പഠനം തുടരുകയായിരുന്നു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍ന്ന് പോന്നോര്‍ സ്ക്കൂളില്‍ മാഷാകുവാന്‍ അവസരം ലഭിച്ചു. എന്നാൽ അത് തിരസ്കരിച്ച് സെമിനാരിയില്‍ ചേരാൻ തീരുമാനിക്കുകയായിരുന്നു. 1934 ജൂണ്‍ മാസത്തില്‍ കൊച്ചൌസേപ്പ് തൃശൂര്‍ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചു.
1942 ഡിസംബര്‍ 20ന് മംഗലപ്പുഴ സെമിനാരി ചാപ്പലില്‍ വെച്ച് എറണാകുളം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നും ജോസഫ് കുണ്ടുകുളം തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഡിസംബര്‍ 22 ന് പറപ്പൂര്‍ ഇടവകയില്‍ രാവിലെ 10 മണിക്ക് ഫാ. ജോസഫ് കുണ്ടുകുളം തന്റെ ആദ്യ ബലിയർപ്പണം നടത്തി. പിതാവിന്റെ ഭക്തിനിര്‍ഭരതയും ഉച്ചാരണത്തിലെ സ്ഫുടതയും ശബ്ദത്തിലെ ഗംഭീരതയും വിശ്വാസികളില്‍ വലിയ ഉണര്‍വ് ഉണ്ടാക്കി. അന്നേദിവസം നടന്ന അനമോദനയോഗത്തില്‍ നവവൈദികര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചവരില്‍ പറപ്പൂര്‍ കുണ്ടുകുളങ്ങര കുടുംബാംഗവും കൊച്ചി രാജ്യത്തെ നിയമസഭാ അംഗവുമായ ചെറിയ ഓസേപ്പും ഉണ്ടായിരുന്നു.
1943 ഫെബ്രുവരി 20 ന് ചിറ്റാട്ടുകര ഇടവകയിൽ നവ വൈദികനായി ചാർജ്ജെടുത്തുകൊണ്ട് ഫാ. ജോസഫ് കുണ്ടുകുളം തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പാവറട്ടി, എടത്തിരുത്തി, ഇരിങ്ങാലക്കുട, മാള എന്നിവിടങ്ങളിലെ ഇടവകളിലെല്ലാം സേവനം അനുഷ്ഠിച്ചു. തൃശൂര്‍ പടിഞ്ഞാറേകോട്ടയിലുള്ള സെന്റ് ആന്‍സ് ഇടവക വികാരിയും സെന്റ് ആന്‍സ് അനാഥശാലയുടെ ഡയറക്ടറുമായി 1958 മെയ് 14 ന് നിയമിതനായതിനു ശേഷം ഫാ. ജോസഫ് കുണ്ടുകുളം സാമൂഹ്യ സേവന രംഗത്ത് കൂടുതൽ സജീവനായി. 1962 ജനുവരി 1 ന് രൂപീകൃതമായ ഒളരിക്കര ചെറുപുഷ്പം പള്ളിയുടെ ചുമതല കൂടി ഏൽപിക്കപ്പെട്ടതോടെ അദ്ദേഹം കൂടുതൽ കർമ്മനിരതനാകുകയും ഏവർക്കും പ്രിയങ്കരനാകുകയും ചെയ്തു. ആ കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്ത വത്തിക്കാൻ വരെ എത്തി.
1966 ലെ ഒരു സംഭവം ഇങ്ങനെയാണ്. ഫാ. കുണ്ടുകുളത്തെ കാണാൻ കൈ കുഞ്ഞുമായി ഒരു യുവതി എത്തി. കാമുകന്റെ ചതിയിൽ കുടുങ്ങി പ്രസവിച്ച അവളെ ഉറ്റവരെല്ലാം പുറത്താക്കിയിരുന്നു. അങ്ങനെയാണ് 500 ഓളം കുട്ടികളുള്ള സെന്റ് ആന്‍സ് അനാഥശാലയിൽ അഭയം തേടിയെത്തിയത്. കുട്ടികളുടെ അനാഥശാലയിൽ അവരെ താമസിപ്പിക്കാനാകില്ല. ഒഴിവാക്കാൻ 10 രൂപ നൽകി. അതു വാങ്ങാതെ പൊട്ടി കരഞ്ഞ യുവതി 10 പൈസ ആവശ്യപ്പെട്ടു. എന്തിനാണ് 10 പൈസയെന്ന് ചോദിച്ചപ്പോള്‍ വിഷം വാങ്ങാനാണെന്നും ആർക്കും വേണ്ടാത്ത ഞങ്ങൾ മരിച്ചോളാം എന്നും പറഞ്ഞു. മറുപടി കേട്ട് ഞെട്ടിയ കുണ്ടുകുളം അച്ചന്‍ അവരെ അനാഥശാലയിൽ പാർപ്പിച്ചു. ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ നമുക്ക് ബാധ്യതയില്ലേ എന്ന ചിന്തയുമായി അക്കാര്യം ഫാ. ജോസഫ് വിളങ്ങാടനുമായി സംസാരിച്ചു. ഇരുവരും അന്നത്തെ ബിഷപ്പായിരുന്ന മാർ ജോർജ് ആലപ്പാട്ടുമായി ചർച്ച ചെയ്തു. അത്തരക്കാരെ സംരക്ഷിക്കുന്ന കേന്ദ്രം തുടങ്ങാൻ അദ്ദേഹം അനുമതി നൽകി. അങ്ങനെയാണ് പുല്ലഴിയിലെ ചതുപ്പിൽ 1967 ഓഗസ്റ്റ് 15 ന് സെന്റ് ക്രിസ്റ്റീനാസ് ഹോം ആരംഭിച്ചത്. ഇന്ത്യയിൽ അത്തരത്തിലുള്ള ആദ്യ സ്ഥാപനമായിരുന്നു അത്. 4000 ത്തിലേറെ യുവതികളും 4200 കുഞ്ഞുങ്ങളുമായി 50 വർഷത്തിനിടെ 8200 ജീവനുകളാണ് അവിടെ രക്ഷിക്കപ്പെട്ടത്. മക്കളില്ലാത്ത ദമ്പതികൾക്ക് അത്രയും കുഞ്ഞുങ്ങളെ ദത്തു നൽകി.
1970 ജൂൺ 4 ന് വത്തിക്കാന്‍ സിംഹാസനസ്ഥന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഫാ. ജോസഫ് കുണ്ടുകുളത്തെ തൃശൂര്‍ രൂപതയുടെ മ്രെതാനായി പ്രഖ്യാപിച്ചു. ബിഷപ്പ് മാർ ജോർജ്ജ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ 1970 ഓഗസ്റ്റ് 16നായിരുന്നു മെത്രാഭിഷേകം. ഇന്നത്തെ ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളും ഉള്‍ക്കൊള്ളുന്ന അന്നത്തെ തൃശൂര്‍ രൂപത ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയായിരുന്നു. കുണ്ടുകുളം അച്ചനെ മെത്രാനാക്കിയതില്‍ സെന്റ് ആന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവര്‍ത്തന മികവ് ഒരു ഘടകമായിരുന്നു എന്നുതന്നെ പറയാം.
ശയ്യാവലംബികളായ നിത്യരോഗികളെ കുളിപ്പിക്കുന്നതടക്കം ആരും മടിക്കുന്ന സേവനങ്ങൾ ദാരിദ്ര്യാരൂപിയോടെ ചെയ്യാൻ സന്മനസ്സുള്ള സമർപ്പിതരുണ്ടാകണം എന്ന ലക്ഷ്യത്തോടെ മാർ ജോസഫ് കുണ്ടുകുളവും ഫാ ജോസഫ് വിളങ്ങാടനും ചേർന്ന് 1971 ൽ രൂപം നൽകിയതാണ് നിർമ്മലദാസി സന്യാസിനി സമൂഹം. ദൈവത്തിനു മുന്നിൽ നിർമലരും ലോകത്തിനു മുന്നിൽ ദാസികളുമായികൊണ്ട് വിദേശ രാജ്യങ്ങളിലടക്കം 52 സേവന കേന്ദ്രങ്ങളിലായി 300 ഓളം സിസ്റ്റർമാർ ഈ സന്യാസസമൂഹത്തിൽ സേവനം ചെയ്യുന്നു. തോളൂര്‍ പഞ്ചായത്തിലെ എടക്കളത്തൂരിലുള്ള നിർമ്മല സദൻ ഈ സന്യാസസമൂഹത്തിന്റെ സേവനകേന്ദ്രമാണ്.
മാർ കുണ്ടുകുളം ഇടവകകള്‍ സന്ദർശിക്കുമ്പോൾ സമാശ്വാസവും സഹായങ്ങളും നല്‍കാനായി കിടപ്പു രോഗികളുടെ ഭവനങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. പല വീടുകളിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികളെയും കണ്ടിരുന്നു. ഇവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ അതുമൂലം ജോലിക്കുപോകാന്‍ കഴിയാതെ ദാരിദ്ര്യം അനുഭവിച്ചിരുന്നു. അതിനുപരിഹാരമായി അദ്ദേഹം പെരിങ്ങണ്ടൂരിൽ രണ്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചു. ബുദ്ധിമാന്ദ്യമുള്ളവരെ സംരക്ഷിക്കാനായി 1977 ൽ പോപ് പോൾ മേഴ്സി ഹോമും കിടപ്പുരോഗികളെ സംരക്ഷിക്കാനായി 1986 ൽ പോപ് ജോൺപോൾ പീസ് ഹോമും. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണ് പോപ് പോൾ മേഴ്സി ഹോം. നിരവധി തവണ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സെന്റ് ക്രിസ്റ്റീനാസ് ഹോമിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളും ഉള്‍പ്പെടെ 400 ഓളം പേരെയാണ് ഇപ്പോൾ മേഴ്സി ഹോമിൽ പരിചരിക്കുന്നത്. പോപ് പോൾ പീസ് ഹോമിൽ നൂറിലേറെ കിടപ്പു രോഗികൾ നിർമ്മല ദാസി സന്യാസിനിമാരുടെ പരിചരണത്തില്‍ കഴിയുന്നു.
സെന്റ് ക്രിസ്റ്റീനാസ് ഹോമിലും വയോധികരായ അമ്മമാരെ സംരക്ഷിക്കുന്ന സെന്റ് ജോസഫ്സ് ഹോമിലും അഭയം ഏകിയ ചില സ്ത്രീകൾക്ക് മാനസിക വൈകല്യങ്ങൾ ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കാനാണ് 1993 ൽ പുല്ലഴിയിൽ സെൻറ് ജോസഫ്സ് ഭവൻ ആരംഭിച്ചത്. പിന്നീട് ഈ കാമ്പസിന്റെ ഒരു ഭാഗത്ത് മനോവൈകല്യമുള്ള പുരുഷന്മാരെയും സംരക്ഷിച്ചുതുടങ്ങി. 100 ഓളം പേരെ ഇവിടെ പരിപാലിക്കുന്നു. പെരിങ്ങണ്ടൂരില്‍ തന്നെ സ്ഥാപിച്ച എയ്ഡ്സ് രോഗികള്‍ക്കായുള്ള ആതുരാലയം അവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സംരക്ഷണ കേന്ദ്രം കൂടിയാണ്. ഉറ്റവരും നാട്ടുകാരുമെല്ലാം ഭയത്തോടെ ആട്ടിയകറ്റിയ എയ്ഡ്സ് രോഗികളുടെ ദുരിത ജീവിതം വാക്കുകൾക്ക് അതീതമാണ്. 1996 മുതൽ അവരെ സംരക്ഷിച്ചത് കടുത്ത എതിർപ്പുകളും വെല്ലുവിളികളും നേരിട്ടു കൊണ്ടാണ്. മാർ കുണ്ടുകുളം വിരമിച്ച ശേഷം അദ്ദേഹത്തിന്റെ നാമധേയത്തിൽ പെരിങ്ങണ്ടൂരിൽ സ്ഥാപിതമായ ഗ്രേസ് ഹോമിൽ കൊച്ചു കുട്ടികളടക്കം 100 ലേറെ രോഗികളെ സംരക്ഷിക്കുന്നു.
ജനകീയ വിഷയങ്ങളിൽ അതിശക്തമായി മാര്‍ കുണ്ടുകുളം ഇടപെട്ടിരുന്നു. ഐതിഹാസികമായ സാമൂഹ്യ ഇടപെടലുകളായിരുന്നു അവയെല്ലാം. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങളിലും അധികാരങ്ങളിലും കൈകടത്താന്‍ ശ്രമിച്ച കേരളസര്‍ക്കാരിന് മുമ്പില്‍ 1972 ജൂലൈ 3 നു കോളേജ് സമരം നയിച്ചു . സര്‍ക്കാരിന്റെ നയങ്ങള്‍ ക്കെതിരെ തൃശൂര്‍ പട്ടണത്തില്‍ മാര്‍ ജോസഫ് കുണ്ടുകുളം നയിച്ച ജാഥ അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തോടുള്ള ഒരു താക്കീതും തിരുത്തല്‍ ശക്തിയുമായിരുന്നു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരിൽ ക്രിസ്തുവിന്റെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുന്ന വിധത്തിൽ ഒരു നാടകം അക്കാലത്ത് കേരളക്കരയിൽ പ്രചാരത്തിലിരുന്നു. ചില രാഷ്ട്രീയ-നിരീശ്വര-ബുദ്ധിജീവികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ നാടകാവതാരത്തെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ട് വരികയും എന്നാൽ കുണ്ടുകുളം പിതാവ് ഇതിനെതിരെ കൂറ്റന്‍ വിശ്വാസ്പ്രഖ്യാപനറാലി സംഘടിപ്പിച്ചു കൊണ്ട് നാടകത്തിന് നിയമപരമായ നിരോധനം നേടിയെടുക്കുകയും ചെയ്തു. 1983 ൽ നടന്ന ഈ പ്രതിഷേധ സമരത്തിൽ മൂന്നുലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളാണ് തൃശൂര്‍ പട്ടണത്തില്‍ നിന്നും ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ അയ്യന്തോളിലുള്ള കലക്ടറേറ്റിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. ഇതോടെ കേരളത്തിലെ ഏറ്റവും ശക്തനായ മെത്രാൻ എന്ന പേരില്‍ മാര്‍ ജോസഫ് കുണ്ടുകുളം ഇന്ത്യയ്ക്കകത്തും പുറത്തും കൂടുതല്‍ കരുത്തനും പ്രശസ്തനുമായി തീര്‍ന്നു.
കേരളത്തിന് എന്നല്ല രാജ്യത്തിന് തന്നെ ഏറെ സന്തോഷവും അഭിമാനവും നൽകിയ ജോൺപോൾ മാർപ്പാപ്പയുടെ തൃശൂർ സന്ദർശനത്തിന് ആതിഥ്യം നൽകുമ്പോൾ മാർ കുണ്ടുകുളം ആയിരുന്നു തൃശൂരിന്റെ മെത്രാൻ. 1986 ഫെബ്രുവരി 27നായിരുന്നു പോപ്പിന്റെ സന്ദർശനം. കേരളത്തില്‍ ഒരു മാര്‍പാപ്പ ആദ്യമായി എത്തിയതും അന്നായിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരനുമായി മാര്‍ കുണ്ടുകുളത്തിന് വളരെ അടുത്ത സൗഹൃദബന്ധം ഉണ്ടായിരുന്നു. കരുണാകരന്റെ സഹായത്തോടെ മാർ കുണ്ടുകുളം പ്രത്യേകം പരിശ്രമിച്ചതിന്റെ ഫലമായാണ് പോപ്പിന്റെ തൃശൂർ സന്ദർശനം സാധ്യമായത്. ആറു ലക്ഷത്തിലധികം ആളുകളാണ് അന്നു പോപ്പിനെ കാണാന്‍ തൃശൂരിലേയ്ക്ക് ഒഴുകിയെത്തിയെത്തിയത്. മാർപാപ്പയെ സ്വീകരിക്കാനായി ഒരുക്കിയ സ്ഥലമാണ് പിന്നീട് ശക്തൻ ബസ് സ്റ്റാന്റായി തീർന്നത്. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് പാവപ്പെട്ട 4000 ത്തോളം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയിരുന്നു. അനേകം യുവതികൾക്ക് വിവാഹ സഹായങ്ങളും നൽകിയിരുന്നു. 1980ലും 94 ലും മദർ തെരേസ്സ കേരളം സന്ദര്‍ശിച്ചപ്പോള്‍ തൃശൂരിലെ പ്രൌഢോജ്ജ്വലമായ വരവേല്‍പ്പിന് നേതൃത്വം നല്‍കിയതും മാര്‍ കുണ്ടുകുളമായിരുന്നു.
തൃശൂർ രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അതിന്റെ പ്രഥമ മെത്രാപ്പോലീത്തയായി മാർ ജോസഫ് കുണ്ടുകുളവും ഉയർത്തപ്പെട്ടു. തന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി വർഷമായ 1995 ല്‍ ഓഗസ്റ്റ് 27 നായിരുന്നു ഈ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്. 1997 ഫെബ്രുവരി 25 നാണ് തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും വിരമിച്ചത്. പിന്നീട് പുല്ലഴിയിലുള്ള ക്രിസ്റ്റീന ഹോമിലായിരുന്നു പിതാവിന്റെ താമസം. 1998 ഏപ്രില്‍ മാസത്തില്‍ പിതാവ് ആഫ്രിക്കന്‍ വന്‍കരയിലെ കെനിയായിലെ വാംബെ എന്ന സ്ഥലത്തുള്ള നിര്‍മ്മലദാസിനി സന്യാസിനി സമൂഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കാണുവാനായി പോകുകയും 1998 ഏപ്രില്‍ 26ന് ഹൃദയാഘാതത്തെതുടര്‍ന്ന് അവിടെ വെച്ച് ദിവംഗതനാവുകയും ചെയ്തു. ഏപ്രില്‍ 29ന് തൃശൂർ ലൂർദ്ദ് പളളിയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. 75 വയസ്സിനു ശേഷവും മെത്രാൻ ദൗത്യം നിർവഹിക്കാൻ കഴിയുന്ന അപൂർവ്വ സവിശേഷതയും കുണ്ടുകുളം പിതാവിൽ കാണാൻ കഴിഞ്ഞു.
ഉള്ളവന്‍ ഉള്ളറിഞ്ഞ് ഇല്ലാത്തവന് വേണ്ടി ദാനം ചെയ്യുന്ന വലിയൊരു കാരുണ്യ സംസ്കാരം കുണ്ടുകുളം പിതാവ് സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തു. എന്നാല്‍ ഈ വിധം സാമ്പത്തിക ശേഷി ഉളളവരിൽ നിന്നും പണം പിരിച്ച് ദരിദ്രർക്ക് വിതരണം ചെയ്യുമ്പോഴും ആ പണം ഒരിക്കലും അധാർമ്മികമായി സമ്പാദിച്ചവയാകരുത് എന്ന കാര്യത്തിൽ അദ്ദേഹം പ്രത്യേകം നിഷ്കർഷ പുലർത്തിയിരുന്നു. ശതാംശം പേരിൽ രൂപതയിലെ എല്ലാ പള്ളികളിലും ഇന്നും തുടർന്നു പോരുന്ന ദാനധര്‍മ്മത്തിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. ആര്‍ക്കും ഏത് സമയത്തും പിതാവിനെ ബിഷപ്പ് ഹസില്‍ ചെന്ന് കണാന്‍ അദ്ദേഹം അവസരമൊരുക്കിയിരുന്നു. മ്രെതാനായതോടെ ബിഷപ്പ് പാലസ് എന്ന പേര്‍ ബിഷപ്പ്സ് ഹൌസ് എന്നാക്കി മാറ്റുകയും സാധാരണക്കാരനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഭവനമാക്കി ആ ആലയത്തെ മാറ്റുകയും ചെയ്തു. മാത്രമല്ല, അന്നുവരെയും മെത്രാൻമാർ കഴുത്തിലണിഞ്ഞിരുന്ന സ്വർണത്തിലുള്ള കുരിശുമാലക്കു പകരം വെള്ളിയിലുള്ള കുരിശുമാല ധരിച്ച് ലാളിത്യത്തിന്റെ മാതൃകയും നല്‍കി. അന്നു മുതൽ ഇന്നുവരെയും ആ മാതൃക ബിഷപ്പുമാർ പിന്തുടരുന്നു.
കുണ്ടുകുളം പിതാവിന്റെ പ്രസംഗങ്ങളിൽ മുഴങ്ങി കേൾക്കാറുള്ള ഒരു ബൈബിൾ കഥയുണ്ട്. ധനവാന്റെയും ലാസറിന്റെയും ഉപമ. ആ സന്ദേശം അദ്ദേഹം ജീവിതത്തിൽ പകർത്തിയിരുന്നു. അദ്ദേഹം എന്നും പാവങ്ങൾക്ക് ഒപ്പമായിരുന്നു. ജാതി മത ഭേദമെന്യേ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ മാർ കുണ്ടുകുളം അതുകൊണ്ടുതന്നെ മറ്റു സമുദായ നേതാക്കൾക്കും മത പണ്ഡിതർക്കും ബഹുമാന്യനായിരുന്നു. എല്ലാവരുമായും ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഹൃദയാവര്‍ജ്ജകമായ പുഞ്ചിരിയും സരളവും സരസ്സവുമായ സംഭാഷണരീതിയും ഈ പട്ടക്കാരനെ അടുത്തറിഞ്ഞവരുടെയൊക്കെയും ആത്മമിത്രമാക്കി മാറ്റിയിരുന്നു. കാരുണ്യവും നീതിബോധവും വിശ്വാസത്തിന്റെ കരുത്തും ഒത്തുചേര്‍ന്ന മാര്‍ ജോസഫ് കുണ്ടുകുളം ജാതി മത ചിന്തകള്‍ക്ക് അപ്പുറമായി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹത് വ്യക്തിത്വം തന്നെയാണ്.
