Prominent Social Services in Tholur
-

ആക്ട്സ് പറപ്പൂര്‍
റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൌജന്യ ആംബുലന്‍സ് സേവനം നടത്തുന്ന ഒരു സന്നദ്ധ സംഘടനയാണ് ആക്ട്സ് അഥവാ ആക്സിഡന്റ് കെയര്‍ & ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ്. അമ്പതിനായിരത്തിലധികം അംഗങ്ങളും 17ബ്രാഞ്ചുകളും, 200 ല്‍പരം യൂണിറ്റുകളും, 21 ആംബുലന്‍സുകളും ഉള്ള ആക്ട്സിന്‍റെ തോളൂര്‍ പഞ്ചായത്തു പ്രദേശം ഉള്‍പ്പെടുന്ന പറപ്പൂര്‍ ബ്രാഞ്ച് രൂപീകൃതമായത് 2012 ജനുവരി 27നാണ്. 10 യൂണിറ്റുകളാണ് പറപ്പൂര്‍ ബ്രാഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 1 ആംബുലന്‍സും പറപ്പൂര്‍ ബ്രാഞ്ചിനുണ്ട്.
തുടക്കത്തിൽ കേച്ചേരി ബ്രാഞ്ചിൽ നിന്നുമായിരുന്നു പറപ്പൂര്‍ ബ്രാഞ്ചിലേക്ക് ആംബുലൻസ് സേവനം ലഭ്യമാക്കിയിരുന്നത്. പിന്നീട് 2013 മെയ് 4ന് പറപ്പൂർ ബ്രാഞ്ചിന് സ്വന്തമായി ആംബുലൻസ് ലഭിക്കുകയും സേവനം കൂടുതൽ സംലഭ്യമാക്കുകയും ചെയ്തു. അന്നകര സ്വദേശിയും സംരംഭകനുമായ ശ്രീ സജീവ് മാധവൻ കളത്തിപറമ്പിലാണ് ആംബുലൻസ് സംഭാവന നൽകിയത്.
Read Moreപറപ്പൂരിലും സമീപ പ്രദേശങ്ങളിലും സംഭവിക്കുന്ന റോഡപകടങ്ങൾ, മറ്റ് അപകട ദുരന്തങ്ങൾ, വീടുകളിൽ കഴിയുന്നവർ ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യം നേരിട്ടവർ, പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ടവർ എന്നിങ്ങനെ നിരവധി അടിയന്തിരാവശ്യങ്ങളിൽ ആക്ട്സ് പറപ്പൂർ ജനങ്ങളുടെ രക്ഷകരായി. പ്രവർത്തനത്തിൻ്റെ 10 വർഷങ്ങൾ പിന്നിടുന്ന ആക്ട്സ് പറപ്പൂർ ഇന്നുവരേക്കും ഏകദേശം 3,500 ത്തിലധികം കേസുകളിൽ ആംബുലൻസ് സേവനം എത്തിച്ചു.
ചിറ്റിലപ്പിളളി, മുള്ളൂർ, ചാലയ്ക്കൽ, ഊരകം, മതുക്കര, അന്നകര, പൂവത്തൂർ പറപ്പൂർ, തോളൂർ വെസ്റ്റ്, തോളൂർ ഈസ്റ്റ്, പോന്നോർ എന്നിങ്ങനെ 10 യൂണിറ്റുകളാണ് പറപ്പൂർ ബ്രാഞ്ചിൻ്റെ പ്രവർത്തനപരിധിയിലുള്ളത്. ഓരോ യൂണിറ്റിൽ നിന്നും പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ, ബ്രാഞ്ച് പ്രതിനിധി എന്നിങ്ങനെ 4 പേർ വീതം ആകെ 40 പേരാണ് സേവന സന്നദ്ധരായി പറപ്പൂർ ബ്രാഞ്ചിനു കീഴിൽ പ്രവർത്തിക്കുന്നത്. ശ്രീ സജീവ് മാധവൻ രക്ഷാധികാരിയായും ശ്രീ എ.വി. കറുപ്പക്കുട്ടി പ്രസിഡൻ്റായും ശ്രീ കെ. കെ. വാസു സെക്രട്ടറിയായും ശ്രീ ജിൻജോ തോമസ് ട്രഷററായും ശ്രീ ജോർജ്ജ് മാത്യു ജില്ലാ പ്രതിനിധിയായുമുള്ള 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ പറപ്പൂർ ബ്രാഞ്ചിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2 വർഷമാണ് ഭരണ സമിതികളുടെ കാലാവധി.
ആക്ട്സ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിവിധ തരത്തിലുള്ള അംഗത്വങ്ങൾ ആക്ട്സ് ജനങ്ങൾക്ക് നൽകുന്നു. അവ താഴെ പറയുംപ്രകാരമാണ്. ആകെ 1,200 ലധികം പേർ ഇന്നുവരേക്കും അംഗങ്ങളായുണ്ട്. ജില്ലാ കളക്ടറുടെയും ഡേവിസ് ചിറമ്മലച്ചൻ്റെയും ഒപ്പോടുകൂടിയ മെമ്പർഷിപ്പ് കാർഡുകൾ എല്ലാ അംഗങ്ങൾക്കും നൽകുന്നു.
അംഗത്വംതുകകാലാവധി1ഓര്‍ഡിനറി മെമ്പര്‍ഷിപ്പ് (Ordinary Membership)250 രൂപ1 വര്‍ഷം2ലൈഫ് മെമ്പര്‍ഷിപ്പ് (Life Membership)1,000 രൂപആജീവനാന്തം3ഇന്‍സ്റ്റിറ്റ്യൂഷന്‍ മെമ്പര്‍ഷിപ്പ് (Institution Membership)5,000 രൂപആജീവനാന്തം4ബെനഫാക്ടറി മെമ്പര്‍ഷിപ്പ് (Benefactory Membership)10,000 രൂപആജീവനാന്തംഓരോ മാസവും ഏകദേശം 35,000 രൂപ ആക്ട്സിൻ്റെ പ്രവർത്തനങ്ങൾക്കായി പറപ്പൂർ ബ്രാഞ്ചിന് ചെലവ് വരുന്നുണ്ട്. ഈ സൗജന്യ സേവനം വളരെ ശ്രമകരമായി മുന്നോട്ടു പോകുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. അംഗത്വത്തിനായി സ്വീകരിക്കുന്ന തുകക്കു പുറമേ ജില്ലാ കമ്മിറ്റി പുറപ്പെടുവിക്കുന്ന കൂപ്പണുകളുടെ വിറ്റുവരവ്, വീടുകളിൽ നിന്നും പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് വിൽക്കുന്ന ന്യൂസ് പേപ്പർ ചലഞ്ച് എന്നിങ്ങനെ വിവിധ ക്യാമ്പയിനുകൾ ധനശേഖരണാർത്ഥം നടത്തി വരുന്നു. ജീവിതത്തിലെ മംഗളദിനങ്ങളിൽ ഉപഹാരം നൽകി ആക്ട്സിനെ സഹായിക്കുന്നവരുമുണ്ട്.
ഇനിയും ഒരു ജീവന്‍ പോലും തെരുവില്‍ പൊലിയരുത് എന്ന ദൃഢ നിശ്ചയവുമായി തൃശൂര്‍ ആസ്ഥാനമായി 2000 മെയ് 8നാണ് ആക്ട്സ് പിറവി കൊള്ളുന്നത്. റോഡപകടങ്ങളില്‍പ്പെടുന്നവരെ സ്നേഹപൂര്‍വ്വം കോരിയെടുത്ത് ആംബുലന്‍സുകളില്‍ ആശുപ്രതികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക, അതും സൌജന്യമായി! അതിന്, സ്വന്തമായി ആംബുലന്‍സുകളും സേവന സന്നദ്ധ ഭടന്മാരും ആവശ്യമായിരുന്നു. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ. അല്‍കേഷ് കുമാര്‍ ശര്‍മ്മ ഐ.എ.എസ്. പ്രസിഡന്റായും, ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. എസ്. അനന്തകൃഷണന്‍ ഐ.പി.എസ്. വൈസ് പ്രസിഡന്റായും അവരുടെ ആശയ രൂപീകരണത്തോടൊപ്പം ജനറല്‍ സെക്രട്ടറിയായി ഫാ. ഡേവീസ് ചിറമ്മലും ചേര്‍ന്നാണ് ആക്ട്സ് നിലവില്‍ വന്നത്. അതാതു കാലത്തെ ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും കൂടാതെ എ.ഡി.എം., ഡി.എം.ഒ., ആര്‍.ടി.ഒ. തുടങ്ങിയവരും നേതൃത്വം നല്‍കുന്ന ഭരണ സംവിധാനമാണ് ആക്ട്സിനുള്ളത്.
ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളോടൊപ്പം രക്തദാനം, സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, എക്സിബിഷനുകള്‍, റോഡ് സുരക്ഷാ ബോധവല്‍ക്കരണം, ദുരിതങ്ങളിലും ദുരന്തങ്ങളിലും ഇടപെടല്‍ തുടങ്ങിയ കാരുണ്യവും, കരുതലും സേവനമുദ്രയാക്കിയാണ് ആക്ട്സ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ധനസഹായമോ, ഗ്രാന്റോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ജനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായത്താലും സഹകരണത്താലുമാണ് മുന്നോട്ടുപോകുന്നത്.
ബ്രാഞ്ചുകള്‍
1. തൃശൂര്‍ പഴയ ജില്ലാ ആശുപ്രതി കെട്ടിടം, തൃശൂര്‍
2. ചേര്‍പ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ബില്‍ഡിങ്ങ്, ചേര്‍പ്പ്
3. കേച്ചേരി പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്ങ്, കേച്ചേരി
4. തൃപ്രയാര്‍ വലപ്പാട് പി.ഒ. തൃശൂര്‍
5. ഗുരുവായൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്റ് ബില്‍ഡിങ്ങ്, ഗുരുവായൂര്‍
6. ഒല്ലൂര്‍ പനംകുറ്റിച്ചിറ
7. ചെന്ത്രാപ്പിന്നി അല്‍മാസ് ബില്‍ഡിങ്ങ്, ചെന്ത്രാപ്പിന്നി
8. വടക്കാഞ്ചേരി പാറപ്പുറത്ത് ബില്‍ഡിങ്ങ്, പോലീസ് സ്റ്റേഷന്‍ എതിര്‍വശം, വടക്കാഞ്ചേരി
9. എരുമപ്പെട്ടി പാമ്പ്ര ബില്‍ഡിങ്ങ്, ജി.എച്ച്.എസ്.എസ്., എരുമപ്പെട്ടി
10. പുന്നക്കബസാര്‍ മതിലകം പി.ഒ.
11. കൊടുങ്ങല്ലൂര്‍ താനത്ത് പറമ്പില്‍ ബില്‍ഡിങ്ങ്, ക്രാഫ്റ്റ് ആശുപ്രതിക്കു സമീപം, ചന്തപ്പുര, കൊടുങ്ങല്ലൂര്‍
12. പറപ്പൂര്‍ ഉഷസ് ബില്‍ഡിങ്ങ്, ചര്‍ച്ച് മാര്‍ക്കറ്റിനു സമീപം, പറപ്പൂര്‍ പി.ഒ.
13. മുതുവറ പുഴയ്ക്കല്‍ പി.ഒ.
14. വാടാനപ്പിള്ളി പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ്, ചേറ്റുവ റോഡ്, വാടാനപ്പിള്ളി പി.ഒ.
15. കുന്ദംകുളം കുന്ദംകുളം പി.ഒ., തൃശൂര്‍
16. വൈലത്തൂര്‍ പി.സി.എം. പ്ലാസ ഒഡിറ്റോറിയം, വൈലത്തൂര്‍
17. നടത്തറ പഞ്ചായത്ത് ബില്‍ഡിംഗ്, നടത്തറ
റോഡപകടങ്ങള്‍ കൂടാതെ കളക്ടറുടെ നിര്‍ദേശപ്രകാരം പ്രകൃതി ദുരന്തങ്ങളിലും മറ്റു രക്ഷാപ്രവര്‍ത്തനങ്ങളിലും ആക്ട്സ് ഇടപെടുന്നു.
കടലുണ്ടി ട്രെയിന്‍ അപകടം : കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ 2001 ജൂണ്‍ 22 ന് ഉണ്ടായ തീവണ്ടി അപകടമാണ് കടലുണ്ടി തീവണ്ടി അപകടം എന്ന പേരില്‍ അറിയപ്പെടുന്നത്. മംഗലാപുരം - ചെന്നൈ എക്സ്പ്രസ് കടലുണ്ടി പുഴയ്ക്കു മീതെ കൂടി കടന്നുപോകുമ്പോള്‍ പാളം തെറ്റുകയും മുന്ന് ബോഗികള്‍ പുഴയിലേക്ക് മറിയുകയും ചെയ്തു. അപകടവിവരം അറിഞ്ഞയുടനെ ആക്ട്‌സിന്റെ ആംബുലന്‍സുകള്‍ തല്‍സ്ഥലത്തേക്ക് കളക്ടറുടെ നിര്‍ദേശ പ്രകാരം പുറപ്പെടുകയും, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു.
പുല്ലുമേട് ദുരന്തം : ശബരിമലയിലെ മകരവിളക്ക് കണ്ടുമടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പ ഭക്തന്മാരാണ് ജീവന്‍ നഷ്ടപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ടും നിലത്തുവീണും, ചവിട്ടേറ്റുമൊക്കെയാണ് പലരും മരണമടഞ്ഞത്. 2011 ജനുവരി 14ന് രാത്രിയായിരുന്നു സംഭവം നടന്നത്. പ്രസിഡന്റായ കളക്ടറുടെ നിര്‍ദേശ പ്രകാരം വണ്ടിപെരിയാറില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയുള്ള പുല്ലുമേട്ടിലേക്ക് ആക്ട്സ് ആംബുലന്‍സുകള്‍ കുതിച്ചു രക്ഷാപ്രവര്‍ത്തനങ്ങളായി.
പ്രളയം : 2018 ജൂലായ് - ആഗസ്റ്റ് മാസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കേരളം ജലത്താല്‍ മുറിവേല്‍ക്കപ്പെട്ടു. ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ അടിസ്ഥാനത്തിലാണ് 2018 ലെ കേരള വെള്ളപ്പൊക്കം ദുരന്തം സംഭവിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിലും, വെള്ളപ്പൊക്കവും, മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലുമുണ്ടായി. നഗരങ്ങളില്‍ പോലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. ഈ സമയത്തെല്ലാം ആക്ട്‌സിന്റെ ആംബുലന്‍സുകള്‍ ജനസേവനങ്ങളിലായിരുന്നു. ജലത്തെ വകവെയ്ക്കാതെ സേവനം നടത്തിയതിന്റെ പേരില്‍ പകുതിയിലധികം ആംബുലന്‍സുകള്‍ക്കും വെള്ളം കയറിയതിന്റെ പേരില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. എങ്കിലും ഒരു വലിയ ജനവിഭാഗത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു എന്നതിന്റെ പേരില്‍ സംഘടന കൃതാര്‍ത്ഥമാണ്.
മഹാ പ്രളയവും ഉരുള്‍പ്പൊട്ടലും മൂലം എല്ലാം നഷ്ടപ്പെട്ട, ജീവനാശം ഏറെ സംഭവിച്ച മലപ്പുറത്തെ കവളപ്പാറയിലും പാതാറിലും കൈപ്പിനി കടവിലെയും ദുരിതം അനുഭവിക്കുന്നവരിലേക്ക് ജീവിക്കാന്‍ ആവശ്യമായ അത്യാവശ്യ സാധന സാമഗ്രഹികള്‍ ഒരു കെ.എസ്.ആര്‍.ടി.സി. ബസിലും 5 ആംബുലന്‍സുകളിലുമായി ആക്ട്സ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി.
കോവിഡ് - 19 : ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തമാണ് കോവിഡ് - 19. ഒരു ചെറു വൈറസ് ഒരു മഹാമാരിയെപ്പോലെ ഭൂമിയെ പൊതിഞ്ഞു. മരണത്തിന്റേയും ജീവിതത്തിന്റേയും നടുക്ക് അകപ്പെട്ട പാവം മനുഷ്യര്‍. ആശുപ്രതികളിലേക്ക് വാഹനങ്ങള്‍ പോലും പോകാതെയായി. ഭയത്തിന്റെ കുന്തമുനയില്‍ നില്‍ക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് അത്താണിയായി മാറുകയായിരുന്നു രണ്ടു സുപ്രധാന കോവിഡ് ഘട്ടങ്ങളിലും ആക്ട്‌സിന്റെ മുഴുവന്‍ ആംബുലന്‍സുകളും. കൂടാതെ തെരുവില്‍ കഴിഞ്ഞിരുന്ന എല്ലാവരെയും കോവിഡ് രണ്ടാം തരംഗത്തില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ കാല്‍ഡിയന്‍ എസ്.എച്ച്. സ്‌കൂളില്‍ പാര്‍പ്പിച്ച് അവര്‍ക്ക് ഒന്നര മാസത്തോളം ഭക്ഷണം, താമസം, മരുന്ന്, വാക്സിന്‍ എന്നിവയെല്ലാം നല്‍കി.
മെഡിക്കല്‍ ക്യാമ്പുകള്‍ : സൌജന്യ തിമിര നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകള്‍, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ മുഖത്തെ വൈകല്യങ്ങളെക്കുറിച്ച് ക്യാമ്പുകള്‍, തുടങ്ങി 200 ല്‍പരം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.
രക്തദാനം : 15,000 ത്തില്‍ പരം കേസുകളില്‍, രക്തദാനം നടത്തി.
രക്തദാന ക്യാമ്പുകള്‍ : 500 ല്‍പരം രക്തദാനക്യാമ്പുകള്‍ നടത്തി.
റോഡ് സുരക്ഷാബോധവല്‍ക്കരണ ക്യാമ്പുകള്‍ : 4,500 ല്‍ പരം റോഡ് സുരക്ഷാബോധവല്‍ക്കരണ ക്ലാസ്സുകള്‍ വിവിധ ഇടങ്ങളിലായി നടത്തി.
പ്രദര്‍ശനങ്ങള്‍ : തൃശൂര്‍ പൂരം പ്രദര്‍ശന നഗരി, ഉത്രാളിക്കാവ് പൂരം പ്രദര്‍ശനം, തൃപ്രയാര്‍ ക്ഷേത്രോത്സവപ്രദര്‍ശനം തുടങ്ങി 400 ല്‍ പരം റോഡ് സുരക്ഷാ പ്രദര്‍ശനങ്ങള്‍ നടത്തി.
നോ ഹോണ്‍ പ്രചരണം - തൃശൂര്‍ റൌണ്ട് : തൃശൂര്‍ നഗരഹൃദയമായ സ്വരാജ് റാണ്ടില്‍ വാഹന ഇരമ്പവും, ഒപ്പം ഹോണ്‍ ശബ്ദങ്ങളും കൊണ്ട് മുഖരിതമായിരുന്നു. മലീമസമായ ഈ ശബ്ദങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മൌനിയായി. തൃശൂര്‍ സിറ്റി പോലീസും, തൃശൂര്‍ കോര്‍പ്പറേഷനും, പൌരാവലിയും സഹകരിച്ച് നടപ്പിലാക്കിയ "നോ ഹോണ്‍" ക്യാമ്പയിന്‍ വളരെ സജീവമായി ആക്ട്സ് പങ്കുചേര്‍ന്നു.
സൌജന്യ ഭക്ഷണ വിതരണം : തൃശൂര്‍ നഗരത്തില്‍ ഇനിയൊരാളും ഭക്ഷണമില്ലാതെ വലയരുത് എന്ന ഉദ്ദേശ്യത്തോടെ എന്നും ഉച്ചയ്ക്കും വൈകീട്ടും ആക്ട്സ് തൃശൂര്‍ ജില്ലാ ഓഫീസില്‍ ഭക്ഷണം നല്‍കി വരുന്നു. 2016 ജൂണ്‍ മുതല്‍ തുടങ്ങിവെച്ച്, ഇന്നും തുടരുന്ന ഈ സംരംഭത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രിയപ്പെട്ട നാട്ടുകാരും നല്‍കുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ തൃശൂര്‍ നഗരത്തിലെ വിവാഹ മണ്ഡപങ്ങളില്‍ നടത്തുന്ന സല്‍ക്കാരങ്ങളില്‍ ശേഷം വരുന്ന ഭക്ഷണം ശേഖരിച്ച് അനാഥാലയങ്ങളിലും, ചേരികളിലും സംഘടന വിതരണം ചെയുന്നുമുണ്ട്.
ആക്ട്സ് സേവനാലയം റിഹാബിലിറ്റേഷന്‍ സെന്റര്‍, മഴുവഞ്ചേരി, കേച്ചേരി : മനുഷ്യ ശരീരത്തിന്റെ ഘടനയും, പ്രവര്‍ത്തനങ്ങളുമൊക്കെ ആധാരമാക്കി ശാസ്ത്രീയമായി രൂപകല്പന ചെയ്തിരിക്കുന്ന ചികിത്സാരീതിയാണല്ലോ "ഫിസിയോ തെറാപ്പി." അപകടങ്ങള്‍ മൂലവും, മറ്റു ശാരീരിക വൈകല്യം മൂലവും കഷ്ടപ്പെടുന്നവര്‍ക്ക് ഒരത്താണിയായി മാറുന്നതിന്റെ ഭാഗമായി 2016 ഒക്ടോബര്‍ 2ന് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായ ദമ്പതികള്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് കേച്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആക്ട്സ് സേവനാലയം ആരംഭിച്ചു. ഫിസിയോതെറാപ്പിസ്റ്റിന് പുറമെ ഓര്‍ത്തോ ഡോക്ടറുടെ സേവനം കൂടി നല്‍കിവരുന്നു. തികച്ചും സൌജന്യമായാണ് നിസ്വാര്‍ത്ഥമായ ഈ കര്‍മ്മം നിറവേറ്റുന്നത്. നിരവധി പേരാണ് ഇവിടെയെത്തി ചികിത്സ തേടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.
തൃശൂര്‍ ജില്ലയില്‍ 22 വര്‍ഷത്തെ സേവനം പിന്നിടുമ്പോള്‍ അപകടങ്ങളിലും, അത്യാഹിതങ്ങളിലുംപ്പെട്ട ഏകദേശം മൂന്ന് ലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതിന്‍റെ ചാരിതാര്‍ത്ഥ്യം ആക്ട്സിനുണ്ട്. 2 ലക്ഷത്തില്‍പരം അപകടങ്ങളില്‍ ആക്ട്സ് പ്രവര്‍ത്തകര്‍ രക്ഷകരായി ഓടിയെത്തി.
റോഡപകടങ്ങള്‍ കൂടി വരുന്നതിനാല്‍ സുപ്രീം കോടതി അത്തരം കാര്യങ്ങള്‍ പഠിക്കുന്നതിനായി സ്‌കന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവര്‍ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത് ഇങ്ങനെയായിരുന്നു. തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ആക്ട്സ് എന്ന സംഘടനയുടെ മാതൃകയില്‍ രാജ്യവ്യാപകമായി സംഘടനകള്‍ നിലവില്‍ വരികയാണെങ്കില്‍ റോഡപകടങ്ങളില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും എന്നാണ്. ഇത് ആക്ട്‌സിന്റെ പ്രവര്‍ത്തന മികവിന്റെ പൊന്‍തൂവലായി കണക്കാക്കാം.
രോഗങ്ങളും, ദുരന്തങ്ങളും, അപകടങ്ങളുമൊക്കെ നാടിനെ വലയ്ക്കുമ്പോള്‍ നമുക്കെങ്ങിനെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയും? ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ ചേര്‍ന്നുനില്‍ക്കുന്ന പരിശീലനം സിദ്ധിച്ച മുന്നണി പോരാളികളും, ആംബുലന്‍സുകളുമായി ഒരു ഫോണ്‍കോളില്‍ സൌജന്യ സേവനത്തിനായി കാത്തു നില്‍ക്കുന്ന ആക്ട്സ് എന്ന മഹാപ്രസ്ഥാനത്തില്‍ നാം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇതിന്‍റെ സ്ഥാപനത്തില്‍ മുഖ്യപങ്ക് വഹിച്ച ഡേവിസ് ചിറമ്മലച്ചന്‍ തന്നെയാണ്.
ആക്ട്സ് ഫോണ്‍ നമ്പറുകള്‍: 0487-2285583, 8589 885583
-

നിര്‍മ്മല സദന്‍, എടക്കളത്തൂര്‍
തോളൂർ പഞ്ചായത്തിന്‍റെ ജന്മപുണ്യമായ മാർ ജോസഫ് കുണ്ടുകുളം സ്ഥാപിച്ച നിർമല ദാസി സന്യാസസമൂഹത്തിന്‍റെ എടക്കളത്തൂരിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് നിർമല സദൻ. ശാരീരിക മാനസിക വെല്ലുവിളികളെ നേരിടുന്നവരെ ശുശ്രൂഷിച്ചുകൊണ്ട് ജീവകാരുണ്യരംഗത്ത് വലിയ മാതൃകയായി തോളൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തെക്കുറിച്ച് പലരും അജ്ഞരാണ്. ഇങ്ങനെ ഒരു സ്ഥാപനം നടത്തികൊണ്ടുപോകുക എന്നത് ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി മാനവികതയുടെ വലിയ മൂല്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഓരോ തോളൂര്‍ ദേശവാസിയുടെയും അഭിമാനമായി ഈ സ്ഥാപനം നിലകൊള്ളുന്നതില്‍ നാം ഏറെ കടപ്പെട്ടിരിക്കുന്നത് അവിടുത്തെ നിര്‍മലദാസി സന്യസ്തരോടാണ്.
1971 നവംബർ 23 നാണ് സൊസൈറ്റി ഓഫ് നിർമല ദാസി സിസ്റ്റേഴ്സ് (SNDS)രൂപം കൊണ്ടത്. തൃശൂർ ജില്ലയിലെ പുല്ലഴിയിൽ സ്ഥാപിതമായ സന്യാസസമൂഹത്തിന്‍റെ ആദ്യ സ്ഥാപനമാണ് പുല്ലഴിയിലെ സെന്‍റ് ക്രിസ്റ്റീനാസ് ഹോം. അവിവാഹിതരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചു കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിഴച്ചു പോയി എന്ന കാരണത്താൽ വീട്ടുകാരും സമൂഹവും ഭ്രഷ്ട് കൽപിച്ചവരെയും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും ഏറ്റെടുക്കാൻ അക്കാലത്ത് ആരും ഉണ്ടായിരുന്നില്ല. മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരും ഉണ്ടായിരുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശാരീരിക മാനസിക വൈകല്യം ഉള്ളവരും ഉണ്ടായിരുന്നു. കൂടാതെ മാനസികനില തെറ്റിയ അമ്മമാരും പലവിധ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവരും സംരക്ഷണം തേടി വന്നുകൊണ്ടിരുന്നു. അങ്ങനെ വിവിധങ്ങളായ ദുരിതങ്ങളിൽ ആശ്വാസമായി കൊണ്ട് നിരവധി ജീവകാരുണ്യ സ്ഥാപനങ്ങൾ ഈ സന്യാസസമൂഹത്തിന്‍റെ നേതൃത്വത്തിൽ പലയിടങ്ങളിലായി കാലക്രമേണെ ആരംഭിച്ചു.
Read Moreഇന്ന് കേരളത്തിനകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 48 ഭവനങ്ങൾ നിർമല ദാസി സന്യസ്തർ നടത്തിവരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ, തെലുങ്കാനയിലെ ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ വിവിധ സ്ഥലങ്ങൾ, മഹാരാഷ്ട്രയിലെ കല്യാൺ, ധാരാവി പ്രദേശങ്ങൾ എന്നിവിടങ്ങളിലായി ഈ സന്യസ്തർ സേവനം അനുഷ്ഠിച്ചു വരുന്നു. ഇന്ത്യക്കു പുറത്ത് ആഫ്രിക്കൻ രാജ്യമായ കെനിയയിലാണ് ആദ്യ പ്രവർത്തനം തുടങ്ങിയത്. തികച്ചും ശോചനീയമായ കെനിയയിലെ ആദിവാസി മേഖലകളിൽ കാരുണ്യത്തിന്‍റെയും നന്മയുടെയും പ്രകാശമായി ഈ സന്യസ്തർ നിർവഹിക്കുന്ന സേവനം നമ്മുടെ രാജ്യത്തിനു അഭിമാനിക്കാവുന്ന ഒന്നാണ്. തുടർന്ന് ജർമ്മനി, ഹംഗറി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇവരുടെ കാരുണ്യ പ്രവർത്തികൾ എത്തി.
ലോകം മുഴുവനിലുമായി 260 സന്യസ്തരാണ് ഈ സന്യാസസമൂഹത്തിനു കീഴിൽ പ്രവർത്തിക്കുന്നത്. ഓരോ പ്രദേശത്തും തദ്ദേശീയരായ സന്യസ്തർ ഉണ്ടെങ്കിലും ഭൂരിപക്ഷവും മലയാളി സന്യസ്തർ തന്നെയാണ്. എയ്ഡ്സ്, കുഷ്ഠം തുടങ്ങിയ രോഗങ്ങൾ മൂലം സമൂഹത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ, കാൻസർ, തളർവാതം, അപകടങ്ങൾ മുതലായവ നിമിത്തം നിത്യരോഗികളായി കിടപ്പിലായവർ, അനാഥരോ വീട്ടുകാർ ഉപേക്ഷിച്ചവരോ ആയവര്‍, വയോധികർ, മന്ദബുദ്ധികൾ, മാനസികനില തെറ്റിയവർ, ശാരീരിക വൈകല്യം ബാധിച്ചവർ തുടങ്ങി ആർക്കും വേണ്ടാത്തവരെ സംരക്ഷിച്ചു പോരുന്ന നിർമല ദാസി സന്യസ്തർ തീർച്ചയായും ലോകത്തിന് നിർമലരും ദൈവത്തിന് ദാസികളുമായി ജീവിതം നയിക്കുന്നവരാണ്. അശരണരായ രോഗികൾക്കും ദരിദ്രർക്കും അവഗണിക്കപ്പെട്ടവർക്കുമെല്ലാം നിങ്ങൾ സഹായം ചെയ്തു കൊടുത്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത് എന്ന യേശു നാഥന്‍റെ വാക്കുകളാണ് തങ്ങളുടെ ശക്തിയെന്ന് സന്യസ്തർ വെളിപ്പെടുത്തുന്നു. ദിവസവും പള്ളിയിൽ പോയി യേശു നാഥന്‍റെ കുരിശിലെ സഹനം ധ്യാനിച്ചുകൊണ്ടാണ് ഓരോ ദിവസത്തെയും ജോലികൾ ആരംഭിക്കുന്നത്.
മാർ കുണ്ടുകുളം തുടക്കം കുറിച്ച ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനം തോളൂർ പഞ്ചായത്തിൽ ആരംഭിക്കുന്നത് 2003 ലാണ്. 9 സന്യസ്തരും 30 അന്തേവാസികളുമാണ് എടക്കളത്തൂരിലെ നിർമല സദനിലുള്ളത്. 18 വയസ്സിനു മേൽ പ്രായമുള്ളവരും ശാരീരിക മാനസിക വൈകല്യമുള്ളവരുമാണ് ഇവിടുത്തെ അന്തേവാസികൾ. കൂടുതൽ പേരും കിടപ്പു രോഗികളാണ്. അവർക്ക് ഭക്ഷണം വാരി കൊടുക്കുന്നതു മുതൽ കുളിപ്പിക്കാനും പല്ല് തേപ്പിക്കാനും കിടന്ന കിടപ്പിൽ ചെയ്യുന്ന മലമൂത്ര വിസർജ്ജനങ്ങളെ നീക്കികളയാനും സന്യസ്തർ വഹിക്കുന്ന സേവനം സ്തുത്യര്‍ഹമാണ്. സ്വന്തക്കാർ പോലും ചെയ്യാൻ മടിക്കുന്ന ഇത്തരം കാര്യങ്ങൾ ഈ സന്യസ്തർ ചെയ്യുന്നു എന്നത് മനുഷ്യരായ എല്ലാവർക്കും മനുഷ്യത്വത്തിന്‍റെുയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും വലിയ ഉൾക്കാഴ്ചയാണ് നൽകുന്നത്. ശാരീരിക മാനസിക വൈകല്യം മൂല്യം സ്വയമേ എന്തെങ്കിലും ചെയ്യാനോ കാര്യങ്ങൾ സ്വയം മനസ്സിലാക്കുവാനോ ശരിയായി ആശയവിനിമയം ചെയ്യുവാനോ സാധിക്കുന്നവരല്ലാത്തതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യുക അത്ര എളുപ്പവുമല്ല. മുടിയും നഖവും വെട്ടുക, വസ്ത്രം ധരിപ്പിക്കുക, രോഗികളായവർക്ക് ആവശ്യമായ മരുന്ന് നൽകുക തുടങ്ങിയ എല്ലാവിധ കാര്യങ്ങളും ഈ സന്യസ്തർ തന്നെ ചെയ്ത് കൊടുക്കണം. ഭക്ഷണം പാകം ചെയ്യുന്നതിലും വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിലും ഇവരെ സഹായിക്കാനായി 4 സഹോദരിമാര്‍ പുറത്തുനിന്നും ഉണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം.
ഇരിങ്ങാലക്കുടയിൽ നിന്നും എടക്കളത്തൂരിൽ വന്ന് താമസിച്ചു കൊണ്ട് സാമൂഹ്യ സേവനം നടത്തിവന്നിരുന്ന ദിവംഗതനായ ഫാ.മാത്യു തൈപറമ്പിൽ ദാനമായി നൽകിയ അദ്ദേഹത്തിന്‍റെ രണ്ട് ഏക്കർ സ്ഥലത്താണ് നിർമല സദൻ സ്ഥിതി ചെയ്യുന്നത്. അദ്ദേഹം താമസിച്ചിരുന്ന ഭവനത്തോട് കൂട്ടി ചേർത്താണ് ഇന്ന് കാണുന്ന നിർമല സദൻ നിർമ്മിച്ചിട്ടുള്ളത്. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലിഫ്റ്റ് സ്ഥാപിച്ച് കൊടുത്തത് ജോയ് ആലുക്കാസ് ഗ്രൂപ്പാണ്. ആദ്യകാലം മുതൽ നടത്തിവന്നിരുന്ന അംഗൻവാടി പ്രവർത്തനം സമീപ പ്രദേശങ്ങളിൽ പുതിയ അംഗൻവാടികൾ വന്നതോടെ നിലച്ചു. പറമ്പിൽ കൃഷിയും ഭവനത്തിലേക്ക് ആവശ്യമായ പാലിനായി നിലവിൽ രണ്ട് പശുക്കളെയും പരിപാലിക്കുന്നുണ്ട്.
8 വര്‍ഷത്തോളം ആഫ്രിക്കയിലെ കെനിയയില്‍ സേവനം നടത്തിവരുകയും മാര്‍ കുണ്ടുകുളം അവിടുത്തെ സന്യാസ ഭവനം സന്ദര്‍ശിക്കുന്ന വേളയില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ കൂടെയുണ്ടാകാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്ത മദര്‍ എല്‍സി ഇല്ലിക്കലാണ് എടക്കളത്തൂര്‍ നിര്‍മലസദനിലെ ഇപ്പോഴത്തെ ഇന്‍-ചാര്‍ജ്ജ്. നിർമല ദാസി സന്യാസ നേതൃത്വത്തിന്‍റെ മുൻനിരയിൽ നിൽക്കുന്ന വൈസ് സുപ്പീരിയർ ജനറൽ കൂടിയാണ് മദർ. സ്ഥാപനം നടത്തികൊണ്ടുപോകുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിലാണ് മദര്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്. കോവിഡ് എന്ന മഹാമാരി സമൂഹത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയതോടെ പലരുടെയും സഹായം കുറഞ്ഞു എന്നതാണ് അതിന് കാരണമായി മദര്‍ പറയുന്നത്. ഭക്ഷണം, മരുന്ന്, ക്ലീനിംഗ്, മെയിന്‍റനന്‍സ്, ജോലിക്കാർക്കുള്ള വേതനം എന്നിവക്കായി മൂന്നര ലക്ഷത്തോളം രൂപയാണ് മാസംതോറും ചെലവ് വരുന്നത്. കൂടാതെ, അന്തേവാസികളുടെ മലമൂത്ര വിസർജ്ജനം കൈകാര്യം ചെയ്യാൻ ഉപകരിക്കുന്ന ഡയപറുകൾ, വസ്ത്രം അലക്കാൻ ഉപകരിക്കുന്ന ലോൻഡ്രി വാഷിംഗ് മെഷീൻ, തകരാറിലായ ലിഫ്റ്റിന്‍റെ റിപ്പയറിംഗ് മുതലായവയ്ക്കും പണം കണ്ടെത്തണം. ഉദാരമതികളായ സുമനസ്സുകളുടെ സഹായം കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മദര്‍.
മനുഷ്യത്വപരവും ജീവകാരുണ്യപരവുമായ സേവന പ്രവർത്തനങ്ങൾക്ക് സമ്പത്തുകൊണ്ടും മറ്റ് സഹായങ്ങൾ കൊണ്ടും പിന്തുണ നൽകുന്നവർക്ക് വലിയ അനുഗ്രഹങ്ങൾ ജീവിതത്തിൽ ലഭിക്കുന്നുവെന്ന് പലരുടെയും അനുഭവസാക്ഷ്യങ്ങള്‍ ഉദാഹരിച്ച് മദര്‍ വിശദീകരിച്ചു. ജോലി കിട്ടാതെ വിഷമിച്ചവര്‍, കുട്ടികളില്ലാതെ സങ്കടപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം ഇവിടുത്തെ അന്തേവാസികളുടെ പ്രാര്‍ത്ഥന ഫലം ചെയ്തതായി മദര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, പലരും കുടുംബസമേതം വന്ന് അല്പസമയം അന്തേവാസികളെ കാണാനും സംസാരിക്കാനും തയ്യാറാകുന്നത് പലപ്പോഴും അവരുടെ മക്കളുടെ സ്വഭാവ രൂപീകരണത്തിൽ നല്ലതായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായും മദര്‍ വെളിപ്പെടുത്തി. യാതൊരുവിധ ശാരീരിക വൈകല്യവും ഇല്ലാതിരുന്നിട്ടും സ്വയം ഭക്ഷണം എടുത്തുകഴിക്കാതെ വാശി പിടിച്ചിരുന്ന പല കുട്ടികളും ഇവിടുത്തെ സന്ദര്‍ശനത്തിനുശേഷം നല്ല ശീലമുള്ളവരായി മാറിയെന്നും അവര്‍ പറഞ്ഞു.
സേവനത്തിന്‍റെ സുവർണ്ണ ജൂബിലിയിൽ എത്തി നിൽക്കുന്ന നിർമല ദാസി സന്യാസസമൂഹത്തിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് തോളൂർ വെൽഫെയർ ട്രസ്റ്റിന്‍റെ എല്ലാ ഭാവുകങ്ങളും നേരുന്നു. എടക്കളത്തൂരിലെ നിർമല സദൻ സന്ദർശിക്കുവാനും സഹായങ്ങൾ നൽകുവാനും താൽപര്യപ്പെടുന്നവർ ബന്ധപ്പെടുക: +91 7736018080
-

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി, പറപ്പൂർ
ജീവിതത്തിന്റെ സായാഹ്നത്തില്‍ അവശരും അശരണരുമായി കഴിയുന്ന വൃദ്ധര്‍ക്ക് പരിരക്ഷയും സാന്ത്വനവും നല്‍കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെ തോളൂരിന്റെ മണ്ണിൽ ജന്മംകൊണ്ട് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സ്ഥാപനമാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി. പറപ്പൂരിൽ ജെ.ബി. കോൺവെന്റിനു സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനം തോളൂർ പഞ്ചായത്തിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലേയും വിവിധ ജാതി മതങ്ങളിൽപ്പെട്ട എല്ലാ വയോജനങ്ങൾക്കും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അനുഭവങ്ങളാണ് പകർന്നു നൽകുന്നത്.
ആരോഗ്യമുളളപ്പോള്‍ സ്വന്തം കുടുംബത്തിനുവേണ്ടി എല്ലാ സുഖങ്ങളും ത്യജിച്ച് അഹോരാത്രം പാടുപെട്ട് കുടുംബം സംരക്ഷിച്ചുപോന്ന അച്ഛനമ്മമാര്‍ പ്രായാധിക്യംമൂലം അദ്ധ്വാനശേഷി നഷ്ടപ്പെട്ട വൃദ്ധരായി എന്ന ഒറ്റ കാരണത്താല്‍ അവരെ ഒരു ബാധ്യതയായി കരുതി സ്വന്തം കുടുംബത്തില്‍നിന്നുപോലും പുറന്തള്ളപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഒരു ആശ്രയമാകുകയാണ്. ഉറ്റവരായി ആരും ഇല്ലാത്തതും ഉള്ളവര്‍ തന്നെ സാമ്പത്തിക പരാധീനതകളോ മറ്റു കാരണങ്ങളാലോ അച്ഛനനമ്മമാരെ വേണ്ടവിധം സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയും പലരേയും കാരുണ്യയിൽ എത്തിക്കുന്നു.
Read More2004 ഒക്ടോബർ 1 നാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി രൂപം കൊള്ളുന്നത്. ശ്രീ സി.റ്റി. ചേറു പ്രസിഡന്റും അഡ്വ. സി.ബി. മുകുന്ദൻ വൈസ് പ്രസിഡന്റും, ശ്രീ പി.ഒ. സെബാസ്റ്റ്യൻ സെക്രട്ടറിയും ശ്രീ പി.കെ. ബേബി ജോയിന്റ് സെക്രട്ടറിയും ശ്രീ എ.കെ. അറുമുഖൻ ട്രഷററുമാണ്. തോളൂർ ദേശത്തെ സഹൃദയരായ പതിനേഴോളം പേർ ചേർന്ന് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ അതിനെല്ലാം നേതൃത്വം കൊടുത്ത് ഇന്നും ഊർജസ്വലനായി തന്റെ വാർദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകളെ ഗൗനിക്കാതെ തുടരുന്ന ശ്രീ സി.റ്റി. ചേറുവിന്റെ അനുഭവസാക്ഷൃത്തിലൂടെയല്ലാതെ സൊസൈറ്റിയുടെ രൂപീകരണത്തെ പറ്റി പറയാൻ കഴിയില്ല. അക്കാലത്ത് ഇടവക വികാരിയായിരുന്ന മോൺ. ജോർജ് അക്കര അച്ചന്റെ ആദ്ധ്യാത്മിക പിന്തുണയും പരിശ്രമവും സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചു എന്നതും വിസ്മരിക്കാനാവില്ല.
ചെറുപ്പം മുതലേ രോഗികളോടുള്ള അനുകമ്പ ശ്രീ സി.റ്റി. ചേറുവിൽ രൂഢമൂലമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സർവേയർ പരിശീലനം നേടിയെങ്കിലും അത്തരം ജോലികൾ ഉപേക്ഷിച്ച് തൃശൂർ അതിരൂപതയുടെ മുളയത്തെ ഡാമിയൻ കേന്ദ്രത്തിൽ കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ പോകുകയായിരുന്നു. തുടർന്ന് സർക്കാരിന്റെ കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി അസിസ്റ്റൻറ് ലെപ്രസി ഓഫീസറായി ചുമതലയേറ്റു. അന്ന് കാലത്ത് ഏറെ കുഷ്ഠരോഗികളുണ്ടായിരുന്ന തോളൂർ, എരുമപ്പെട്ടി പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചു. കുഷ്ഠരോഗം കണ്ടെത്താൻ വീടുകളിൽ കയറിയിറങ്ങി വരുമ്പോൾ ഓരോ വീടുകളിലുമുള്ള വൃദ്ധരുടെ ദയനീയ അവസ്ഥ അദ്ദേഹത്തിന്റെ മനസ്സിൽ വലിയ വേദന ഉളവാക്കിയിരുന്നു. കുടുംബത്താല്‍പോലും അവഗണിക്കപ്പെട്ട് ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഹതാശരായി ദുരിതങ്ങളും ദുഖങ്ങളും പേറി ജീവിക്കുന്ന വൃദ്ധരുടെ ദയനീയ അവസ്ഥക്കു ഒരു പരിഹാരം എന്ന നിലയിൽ പിൽക്കാലത്ത് തന്റെ പെൻഷൻ തുക ഉപയോഗിച്ച് ഒരു കൊച്ചു ഭവനം വാങ്ങി പകൽവീട് ആരംഭിക്കുകയാണ് ഉണ്ടായത്.
വൃദ്ധരെ പകൽ സമയം രാവിലെ വീടുകളിൽ വന്ന് വാഹനങ്ങളിൽ കൂട്ടി പകൽവീട്ടിൽ എത്തിക്കുകയും വൈകുന്നേരം തിരിച്ച് വീട്ടിലേക്ക് കൊണ്ടുവിടുകയും ചെയ്യുന്ന സൗജന്യ ശുശ്രൂഷയാണ് പകൽവീട്. മക്കള്‍ ജോലിക്കു പോകുകയോ വിദ്യാഭ്യാസത്തിനു പോകുകയോ ചെയ്യുമ്പോള്‍ പകല്‍സമയം വീടുകളില്‍ ഏകനായി ഉറങ്ങിയും, ഭക്ഷണം കഴിക്കാതെ വിശന്നും, കൈകാല്‍വിരലുകള്‍ അനക്കാതെ പ്രവര്‍ത്തനരഹിതമായും അവശതയും വേദനയും അനുഭവിച്ച് കഴിയേണ്ടിവരുന്ന മാതാപിതാക്കൾക്ക് വലിയ സാന്ത്വനവും പരിചരണവുമാണ് പകൽവീട് പ്രദാനം ചെയ്യുന്നത്. തങ്ങളുടെ പഴയ അനുഭവങ്ങൾ പങ്കുവയ്ക്കാനും സന്തോഷിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ആടാനും പാടാനും പ്രാർത്ഥിക്കാനും പകൽവീട് വയോജനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
പകൽവീടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും ലോക വൃദ്ധ ദിനമായ ഒക്ടോബർ 1ന് വൃദ്ധർക്കായി സൗജന്യ വിനോദയാത്ര സംഘടിപ്പിക്കുന്നു. തോളൂർ ദേശത്തെ മാത്രമല്ല തൃശൂർ ജില്ലയിലെ വിവിധ അഗഥി മന്ദിരങ്ങളിൽ നിന്നും 70 വയസ്സിനു മുകളിലുള്ള എഴുന്നൂറോളം വയോജനങ്ങളാണ് പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളിലായി ഓരോ വർഷവും സൗജന്യ വിനോദയാത്ര ആസ്വദിക്കുന്നത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര ഉൾപ്പെടെ ട്രെയിൻ യാത്ര, ബോട്ട് യാത്ര, മാളുകൾ, മ്യൂസിയങ്ങൾ, കടൽ തീരങ്ങൾ എന്നിവയുടെ സന്ദർശനവുമെല്ലാം അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്റെ ഓഫീസിലേക്ക് വൃദ്ധരെ ക്ഷണിച്ച് ആദരിക്കുകയുണ്ടായി എന്നത് തോളൂർ ദേശവാസികൾക്ക് എക്കാലവും അഭിമാനവും സന്തോഷവും പകരുന്നതാണ്.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മറ്റൊരു പ്രധാന സേവനമാണ് സൗജന്യ തിമിര ശസ്ത്രക്രിയ. നാട്ടുകാരനും പ്രവാസി ബിസിനസ്സ് സംരംഭകനുമായ ശ്രീ ലാൽ അരക്കുളത്തിലാണ് (A. S. Lal) അദ്ദേഹത്തിന്റെ അച്ഛനായ ശ്രീ. ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥം മുഴുവൻ ചെലവുകളും വഹിച്ച് ഈ ഉദ്യമം നിർവഹിക്കുന്നത്. കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഇതുവരെയായി ഏകദേശം അയ്യായിരത്തിൽപരം രോഗികൾക്ക് ശസ്ത്രക്രിയ ചെയ്ത് കാഴ്ചശക്തി വീണ്ടെടുത്തു നൽകി. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിലെ എല്ലാ രണ്ടാം ഞായറാഴ്ചയുമാണ് പറപ്പൂരിലെ പകൽ വീട്ടിൽ ക്യാമ്പ് നടത്തുന്നത്. ആവശ്യമായ പരിശോധനകൾ നടത്തി മാത്രമാണ് ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. ശസ്ത്രക്രിയക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ കൂടെ ആരും കൂട്ടിനിരിക്കേണ്ടതില്ല എന്നതും രോഗികളോടുള്ള പ്രവർത്തകരുടെ കരുതലിനെ വെളിവാക്കുന്നു.
വിശക്കുന്നവർക്ക് ഭക്ഷണം, കിടപ്പിലായവർക്ക് എയർബെഡ്, വാട്ടർ ബെഡ്, നടക്കുവാൻ ബുദ്ധിമുട്ടുന്നവർക്ക് വാക്കർ, വാക്കിംഗ് സ്റ്റിക്ക്, വീൽചെയർ, സ്ട്രച്ചർ, കിഡ്നി, കാൻസർ രോഗികൾക്ക് കട്ടിൽ, കിടക്ക, പുതപ്പ്, ശ്വാസകോശ രോഗികൾക്ക് നെബുലൈസർ, മുതലായവ തികച്ചും സൗജന്യമായും നാമമാത്ര തുകക്ക് ആംബുലൻസ് സേവനവും മരണാനന്തര ആവശ്യങ്ങൾക്കായി മൊബൈൽ ഫ്രീസറും സൊസൈറ്റി നൽകി വരുന്നു. മരണഓര്‍മ്മ, ജന്മദിനം, വിവാഹം മറ്റു ആഘോഷങ്ങള്‍ എന്നീ അവസരങ്ങളിലും മറ്റും നല്ലവരായ നാട്ടുകാരില്‍നിന്നും ലഭിക്കുന്ന സംഭാവനകളും വിനിയോഗിച്ചാണ് ഇപ്പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.
വി.ഗാര്‍ഡ് ഇൻഡസ്ട്രീസ് സ്ഥാപകനും, കെ.സി. ഫൗണ്ടേഷൻ ചെയർമാനും നാട്ടുകാരനുമായ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് അദ്ദേഹത്തിന്റെ മാതാപിതാ ക്കളുടെ ഓര്‍മ്മയ്ക്കായി ഇരുനിലകളുള്ള പകല്‍വീടിന്റ താഴത്തെ നില നിർമ്മിച്ചു നൽകിയത്. ശ്രീ. ലാല്‍ അരകുളത്തിലാണ് അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ. ഉണ്ണീരി ശങ്കപ്പയുടെ ഓര്‍മ്മയ്ക്കായി സ്ഥിരമായി വൃദ്ധന്മാരെ താമസിപ്പിക്കുവാന്‍ മുകളിലെ നില (കാരുണ്യഭവന്‍) നിർമ്മിച്ചു നൽകിയത്. പത്തോളം പേർ മുഴുസമയ അന്തേവാസികളായി ഇപ്പോൾ ഇവിടെ കഴിഞ്ഞു വരുന്നു.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി തുടക്കം കുറിക്കുന്ന മഹത്തായ മറ്റൊരു സംരംഭമാണ് പെയിൻ & പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ. പ്രായാധിക്യവും മാറാരോഗങ്ങളും മൂലം കിടപ്പിലായി വേദനയും അവശതയും അനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനായി പറപ്പൂരില്‍ ആരംഭിക്കുന്ന ഈ ആശുപത്രി വലിയൊരു ജീവകാരുണ്യ വിപ്ലവത്തിനാണ് തുടക്കം കുറിക്കുന്നത്. ചികിത്സക്കായി ധാരാളം പണം ചെലവിട്ടിട്ടും വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ രോഗികളായ സഹോദരര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനയിലും അവശതയിലും അവരെ പരിചരിക്കുവാനും അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു ആശ്വാസമാകുവാനും ദേശവാസികൾ പ്രതിജ്ഞാബദ്ധരാണ്. ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ശ്രീ ലാല്‍ അരകുളത്തില്‍, എന്നിവരുടെ സാമ്പത്തിക സഹായത്താല്‍ മൂന്നു നിലകളിലായി പാലിയേറ്റീവ് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. കത്തോലിക്കാ സന്യസ്തരുടെ (സി.എം.സി) കോലഴി നിർമ്മല പ്രൊവിൻസിന്റെ കീഴിലുള്ള പറപ്പൂരിലെ ജെ.ബി. കോൺവെന്റ് ദാനമായി നൽകിയ സ്ഥലത്താണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ എല്ലാ സംരംഭങ്ങളും പ്രവർത്തിക്കുന്നത്.
കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ ബാധിച്ച് കഠിനമായ വേദനകൊണ്ട് 'എന്നെ ഒന്ന് കൊന്ന് തരൂ' എന്ന് പറഞ്ഞ് കരയുന്നവര്‍, ഉണ്ണാനും ഉറങ്ങാനും ദാഹജലംപോലും കുടിക്കാനാകാതെ തളര്‍ന്നുകിടക്കുന്നവര്‍, രോഗത്തിന്റെ അവശതയാല്‍ ജീവിതം തള്ളിനീക്കുന്നവര്‍, ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവിട്ട് ഫലമില്ലാതാകുകയും ദാരിദ്ര്യത്തില്‍ അകപ്പെടുകയും ചെയ്തവര്‍, രോഗബാധിതയാല്‍ ജീവിതനൈരാശ്യത്തിലുഴലുന്നവര്‍ എന്നിങ്ങനെയുള്ളവർക്ക് വലിയ സാന്ത്വനമാണ് പാലിയേറ്റീവ് ഹോസ്പിറ്റൽ ഒരുക്കുന്നത്. ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകൾ, നഴ്‌സുമാര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെയും വളണ്ടിയര്‍മാരുടെയും സേവനം സദാസമയവും ഉണ്ടായിരിക്കും. കിടപ്പു രോഗികളുടെ ഭവനങ്ങളിൽ പോയി ചികിത്സിക്കാനും ഈ വിദഗ്ധ സംഘം സജ്ജമാണ്. ആശുപത്രിയില്‍ ചികിത്സക്കുള്ള ഫിസിയോതെറാപ്പി ഉപകരണങ്ങള്‍, കട്ടിലുകള്‍, ആംബുലന്‍സ് മുതലായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. മരുന്നുകളും മറ്റും ഉള്‍പ്പെടെ ആശുപത്രി നടത്തിക്കൊണ്ടു പോകുന്നതിനായി പ്രതിമാസം 5 ലക്ഷം രൂപയോളം ആവശ്യം വരുമെന്നാണ് കരുതുന്നത്. അതിനാൽ ഈ സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ വലിയ ജനപങ്കാളിത്തം ആവശ്യമാണ്.
Contact: 9447351889, 9495528558, 0487 2286889 -

സേവാഭാരതി തോളൂർ
രാജ്യത്തിന്റെ ഐക്യം, സമഗ്രത, സ്വശ്രയത്വം എന്നിവയിൽ പ്രതിജ്ഞാബദ്ധമായി ദേശീയ തലത്തിൽ സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് (NGO) സേവാഭാരതി.
നൂറ്റമ്പതോളം പ്രവർത്തകർ സേവാഭാരതിയുടെ നേതൃത്വത്തിൽ തോളൂർ പഞ്ചായത്തിൽ സേവന രംഗത്ത് പ്രവർത്തിക്കുന്നു. കോവിഡ് കാല ദുരിതങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് തോളൂർ സേവാഭാരതി യൂണിറ്റ് നിർവഹിച്ചത്. ഭക്ഷണം, ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, കോവിഡ് വാക്സിനേഷൻ, മാസ്ക്കുകൾ, പൾസ് ഓക്സിമീറ്ററുകൾ എന്നിവയുടെ വിതരണം, കൊറോണ ശുചീകരണം, വാഹന സൗകര്യം എന്നിവ അവയിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വിതരണവും നടത്തുന്നുണ്ട്.
Read Moreദേശീയ സേവാഭാരതിയുടെ ഉത്ഭവത്തിന് ബീജാവാഭം നടന്നത് 1979 ഏപ്രിൽ 8ന് ആണ്. എന്നാൽ 1989ൽ ആണ് 'മാനവസേവ മാധവസേവ' എന്ന ആപ്തവാക്യത്തോടെ ദേശീയ സേവാഭാരതി പൂർണമായും ഭാരതം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം എന്നിവയാണ് പ്രാഥമിക പ്രവർത്തനമേഖലയെങ്കിലും അതിർത്തികളിൽ ചില അടിയന്തിരസാഹചര്യങ്ങളിൽ സൈനികേതരമല്ലാത്ത പ്രവർത്തനങ്ങളിലും സേവാഭാരതി സജീവമാണ്.
2001ലെ ഗുജറാത്ത് ഭൂകമ്പം, 2008ലെ ബീഹാർ വെള്ളപ്പൊക്കം, ഭാരതം നടുങ്ങിനിന്ന സുനാമിദുരന്തം, കേരളത്തിലെ ഒന്നാമത്തെയും, രണ്ടാമത്തെയും വെള്ളപ്പൊക്കം തുടങ്ങിയുള്ള നാടിനെ പ്രതിസന്ധിയിൽ ആക്കിയ എല്ലാ പ്രകൃതിദുരന്തങ്ങളിലും സേവാഭാരതിയുടെ സേവനം അനിർവചനീയമാണ്, സിവിൽ സർവീസ് പരിശീലന സ്ഥിരംസ്ഥാപനങ്ങൾ, ആദിവാസി വിദ്യാഭ്യാസവികസന ഗുരുകുലശാല അടക്കം 28,500 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 12,000 ആശുപത്രികൾ, 26,000 സോഷ്യൽ വെൽഫയർ സെന്ററുകൾ, ഗ്രാമ വികസനത്തിനായി 9,238 സ്വയം സ്വാശ്രയ പദ്ധതികൾ, നിരാലാംബരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പതിനായിരതിലധികം "അമ്മയുടെ സംരക്ഷണം" എന്ന പേരിൽ ഉള്ള ശിശുസംരക്ഷണകേന്ദ്രങ്ങൾ, തുടങ്ങി ലക്ഷക്കണക്കിന് സ്ഥിരം സേവനപ്രവർത്തനങ്ങളും സേവാഭാരതിയുടേതായി ഭാരതത്തിൽ നടക്കുന്നു.
കേരളത്തിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലും ദേശീയ സേവാഭാരതിക്കു സംഘടനാ സംവിധാനവും, ചിട്ടയാർന്ന പ്രവർത്തങ്ങളും ഉണ്ട്, നിരവധി വർഷം ഭാരത സൈനിക സേവനത്തിൽ പ്രവർത്തിച്ച ശ്രീ സനൽകുമാർ പ്രസിഡന്റും, ഭാരതീയ മസ്‌ദൂർസംഘം കേന്ദ്രകമ്മിറ്റി അംഗം ആയിരുന്ന ശ്രീ പി.പി.നന്ദകുമാർ ജനറൽ സെക്രട്ടറിയും ആയി 17 അംഗ പഞ്ചായത്ത് സമിതിയും, തോളൂർ പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലും അഞ്ചു അംഗങ്ങളെ വീതം ഉൾപ്പെടുത്തിയ അറുപത്തിയഞ്ചു അംഗങ്ങൾ ഉള്ള ആപത്ത്സേവ പ്രവർത്തകരും, അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഓരോ വാർഡിൽ നിന്നും രണ്ടുപേർ വീതമുള്ള കോർടീമും ഇവിടെ പ്രവർത്തിക്കുന്നു.
Contact: +91 9447870900
