History of Tholur Grama Panchayat
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചിറ്റിലപ്പിള്ളി ആസ്ഥാനമായി നാടുവാണിരുന്ന തലപ്പിള്ളി രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പറപ്പൂര്‍ ഉള്‍പ്പെടെയുള്ള തോളൂര്‍ പഞ്ചായത്തുപ്രദേശം. പിന്നീട് പുന്നത്തൂര്‍, മണക്കുളം, കക്കാട്, ചിറളയം എന്നീ നാലു താവഴികളായി പിരിഞ്ഞതില്‍ പുന്നത്തൂരിന്റെ അധീനതയിലായിതീര്‍ന്നു ഈ പ്രദേശം. ബ്രാഹ്മണജന്മിനാടുവാഴി ഭരണവ്യവസ്ഥ അനുസ്മരിപ്പിക്കുന്ന ക്ഷേത്രങ്ങളും കുളങ്ങളും ഒരു വള്ളക്കടവും ഇപ്പോഴും ഈ പ്രദേശത്തുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് (1885) പുന്നത്തൂര്‍ കോട്ട തകര്‍ന്നെങ്കിലും പുന്നത്തൂരിന്റെ അധീശത്വമുള്ള വഴിയില്‍ ശേഖരന്‍കാവ് ക്ഷേത്രം ഇന്നും നില്‍ക്കുന്നു. തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രം ആദ്യക്കാലത്ത് തോളൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കളത്തൂരില്‍ ആയിരുന്നുവെന്നു പറയപ്പെടുന്നു. ക്ഷേത്രാവശിഷ്ടങ്ങളും വിസ്തൃതമായ ക്ഷേത്രകുളവും ഇന്നും ഉണ്ട്. കണ്ണന്‍ചിറ എന്നത് ലോപിച്ച് കണ്ടന്‍ചിറ എന്ന പേരിലാണ് ഈ കുളം ഇന്നറിയപ്പെടുന്നത്. കേരളത്തിലെ ആദ്യബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന ആഴുവാഞ്ചേരിക്കാരുടെ ഊരായ്മക്ഷേത്രങ്ങളാണ് തോളൂര്‍ പ്രദേശത്തെ വിഷ്ണുക്ഷേത്രവും പോന്നോര്‍ ശിവക്ഷേത്രവും തോളൂരിലെ പിഷാരിയേക്കല്‍ ക്ഷേത്രവും.
തോളൂര്‍ ദേശത്ത് പ്രധാനമായും ആചാരഅനുഷ്ഠാനപരമായ സങ്കല്‍പങ്ങളെ നിലനിര്‍ത്തികൊണ്ട് 2 കാവുകള്‍ സംരക്ഷിക്കുന്നു. 1. പറപ്പൂരിലെ നാഗത്താന്‍കാവും 2. തോളൂരിലെ പാമ്പുംകാവും. ഏകദേശം 1000 വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടാമ്പിയിലെ പുള്ളികുന്നത് തറവാടു അംഗങ്ങള്‍ ഭാരതപുഴയില്‍ സ്‌നാനം ചെയ്യുന്ന സമയത്ത് അവരുടെ ഓലക്കുടിയില്‍ പാമ്പ് പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നീട് പുള്ളികുന്നത് തറവാട്ടുപരിസരത്ത് പലപ്രാവശ്യം പാമ്പ് പ്രത്യക്ഷപ്പെടുകയും അതിനാല്‍ പ്രശ്‌നം വച്ചു നോക്കിയതിന്റെ ഫലമായി നാഗത്തിനെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു അമ്പലം നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് അത് നാഗത്താന്‍കാവ് എന്ന് അറിയപ്പെട്ടു. നാഗത്താന്‍കാവ് പാരമ്പര്യ കൈവശമുള്ളതാണ്. ആധുനിക കാലഘട്ടത്തിലും ഈ കാവ് സംരക്ഷിച്ചുപോരുന്നത് മണാളത്ത് കുടുംബാംഗങ്ങളാണ്. കന്നിമാസത്തിലെ ആയില്യം മഹോത്സവമാണ് പ്രധാന ദിവസം.
തോളൂരിലെ പാമ്പുകാവിലെ പ്രധാന പ്രതിഷ്ഠ നാഗം തന്നെയാണ്. ദുപ്രകൃതിയെ ഇടിമിന്നലില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നത് ഈ കാവുകളാണ്. കാവുകള്‍ക്ക് പുറമേ ഈ പ്രദേശത്ത് നിരവധി കുടുംബക്ഷേത്രങ്ങളും ഉണ്ട്. ശേഖരന്‍കാവ് അമ്പലം, പിഷാരിയേക്കല്‍ കാര്‍ത്ത്യായനി അമ്പലം എന്നീ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം കാവുകള്‍ ഉണ്ട്. ശേഖരന്‍കാവ് ക്ഷേത്രത്തിന് ഏകദേശം 150 വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ധനുമാസം പത്താമുദയമാണ് പ്രധാന പ്രതിഷ്ഠാദിനം. കളപ്പാട്ട്, കളവര, പുരകൊടിയേറ്റ് എന്നിങ്ങനെ 8 ദിവസത്തെ ആചാര അനുഷ്ഠാനങ്ങള്‍ ആഘോഷിക്കുന്നു. ഉഭയജീവികള്‍, ഉരഗങ്ങള്‍ കൂടാതെ നിരവധിയിനം സസ്യങ്ങള്‍ ഈ കാവുകളില്‍ ഉണ്ട്. ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകള്‍. ഈ പ്രദേശത്തിന്റെ പ്രകൃതിയെ നിലനിര്‍ത്താന്‍ കാവുകളുടെ സംരക്ഷണം സഹായിക്കുന്നു.
തോളൂര്‍ ദേശത്തെ ഭൂമിയുടെ സിംഹഭാഗവും ആഴുവാഞ്ചേരി ജന്മി കുടുംബം വെച്ചനുഭവിച്ചിരുന്നു. കൊച്ചിരാജാവിന്റെ ഭരണകാര്യങ്ങളില്‍ പങ്കുവഹിച്ചിരുന്നതായി പറയപ്പെടുന്ന നമ്പ്യാന്മാര്‍ എന്ന കൂട്ടരും ഈ പ്രദേശവാസികളായിരുന്നു. കൊച്ചിരാജ്യ ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ പറപ്പൂരില്‍നിന്നുമുള്ള ശ്രീ കെ.പി. ജോസഫ് അംഗമായിരുന്നു (MLC). പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തുതന്നെ തോളൂര്‍ ഗ്രാമപഞ്ചായത്ത് നിലവിലുണ്ടായിരുന്നു. അക്കാലത്ത് നാട്ടുപ്രമാണിമാരും ജന്മികളും മാത്രമായിരുന്നു പഞ്ചായത്തുമെമ്പര്‍മാരായും പ്രസിഡന്റുമാരായും സര്‍ക്കാരിനാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. പിന്നീട് പട്ടയദാരന്മാരായ ജന്മികളില്‍നിന്നും മെമ്പര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി നിലവില്‍ വന്നു. ഇന്ത്യയില്‍ ജനകീയ ഭരണം വന്നതോടെ പഞ്ചായത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നു. പോന്നോര്‍ പുളിഞ്ചേരി വളപ്പില്‍ ഇട്ടിരാരിച്ചന്‍ നായര്‍ ആയിരുന്നു തോളൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.
ചിറ്റിലപ്പിള്ളി വില്ലേജ് കോടതിയുടെ ആസ്ഥാനം പറപ്പൂരില്‍ ആയിരുന്നു. പറപ്പൂരിനേയും ചിറ്റിലപ്പിള്ളിയേയും ബന്ധിപ്പിക്കുന്ന മുള്ളൂര്‍കായല്‍ പാലത്തിന്റെയും റോഡിന്റേയും നിര്‍മ്മാണം 1921 ലാണ് നടന്നത്. പോന്നോര്‍ നിന്ന് എടക്കളത്തൂര്‍ക്കുള്ള പുത്തന്‍വെട്ടുവഴി എന്നറിയപ്പെട്ടിരുന്ന റോഡിന്റെ നിര്‍മ്മാണം 1945 ലും നടന്നു. പഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തില്‍ നിന്നാരംഭിച്ച് ചെല്ലിപ്പാടത്തുകൂടെ തോളൂര്‍ ദേശത്തെ കുറുകെ പിളര്‍ന്ന് കടന്നുപോകുന്ന കാളിപ്പാടം തോടിന്റെ നിര്‍മ്മാണം 1951 ല്‍ നടന്നു. 1987 ലാണ് പഞ്ചായത്തില്‍ റെയില്‍വേ ലൈന്‍ സ്ഥാപിതമായത്. കൊച്ചി രാജ്യത്തില്‍പ്പെട്ട പറപ്പൂര്‍ പ്രദേശവും മലബാര്‍ പ്രവശ്യയില്‍പ്പെട്ട അന്നകര പ്രദേശവും കേച്ചേരിപുഴയാല്‍ (കടാംതോട്) വേര്‍തിരിക്കപ്പെട്ട വിഭിന്നരാജ്യങ്ങളില്‍പ്പെട്ടതായിരുന്നു. 1945 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ പാലം നിര്‍മ്മിക്കുകയും ഒരു ചെക്ക് പോസ്റ്റ് ഉണ്ടാക്കി ചുങ്കം പിരിവ് ആരംഭിക്കുകയുമുണ്ടായി. 1956 നവംബര്‍ 1 ാം തിയ്യതി കേരള സംസ്ഥാന പിറവിയോടെ ഈ രണ്ടു പ്രദേശങ്ങളും ഒരു സംസ്ഥാനത്തില്‍പ്പെട്ടതായി തീര്‍ന്നു. ഈ ചരിത്രസംഭവം ഈ പ്രദേശങ്ങളിലെ ജനങ്ങളെ ആഹഌദചിത്തരാക്കി.
പറപ്പുകള്‍ (പക്ഷികള്‍) ധാരാളമുള്ള പ്രദേശമായതുകൊണ്ട് പറവകളുടെ ഊര് എന്നര്‍ത്ഥമുള്ള 'പറപ്പൂര്' എന്ന പേരുണ്ടായി എന്നും ധാന്യങ്ങള്‍ ധാരാളമായി വിളയുന്ന പ്രദേശമായതുകൊണ്ട് ധാന്യങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന അന്നത്തെ വലിയ അളവുപാത്രമായ പറ എന്ന അളവുപാത്രം ധാരാളമുള്ള ഊര് എന്ന അര്‍ത്ഥം വരത്തക്കവിധം പറപ്പൂര് എന്ന പേര് ഈ ദേശത്തിന് കൈവന്നു എന്നും കൊച്ചിയിലെ സ്ഥലനാമങ്ങള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തികാണുന്നു.
150 വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന അടിമവംശം ഈ പ്രദേശത്തും ഉണ്ടായിരുന്നു. പെലയന്മാര്‍, പുലയന്മാര്‍, മുളയന്മാര്‍, ചെറുകണികള്‍ എന്നിവരാണ് അക്കാലഘട്ടത്തിലെ അടിമകള്‍. വലിയ തറവാടുകള്‍ മുടിഞ്ഞുപോകുമ്പോള്‍ അവിടെ പണിചെയ്തിരുന്ന കുടിയാന്മാര്‍ക്ക് മുതലാളിമാരുടെ വീട്ടുപേരുകള്‍ ലഭിച്ചിരുന്നു. ഉദാ. കുന്നത്ത് പണിക്കാരന്‍, കുണ്ടുകുളം തറവാട്ടിലെ പണിക്കാരന്‍, കഴുമ്പിള്ളി പണിക്കാരന്‍ എന്നിങ്ങനെ പേരുകള്‍ ഉള്ള കുടുംബങ്ങള്‍ ആധുനിക കാലഘട്ടത്തിലും പറപ്പൂര്‍ പ്രദേശത്ത് ഉണ്ട്. ആദിക്കാലത്ത് എത്ര വലിയ പണക്കാരനായാലും അപൂര്‍വമായാണ് ഷര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ പൊതുവെ ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. അക്കാലത്ത് െ്രെകസ്തവ സ്ത്രീകള്‍ പൊതുവായി ചട്ടയും മുണ്ടുമാണ് ഉപയോഗിച്ചിരുന്നത്. ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാരമ്പര്യവൈദ്യന്മാരുടെ നാട്ടുചികിത്സാ രീതിയാണ് അവലംബിച്ചിരുന്നത്. ഏകദേശം 70 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് റോഡുമാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. വര്‍ഷക്കാലത്ത് പൊതുവായി തോണി സഞ്ചാരമാണ് ഉപയോഗിച്ചുപോന്നത്. സൈക്കിള്‍ അപൂര്‍വ്വമായിരുന്നു ഈ പ്രദേശത്ത്. ആദിക്കാലഘട്ടത്തില്‍ ഈ പ്രദേശത്ത് സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും പ്രധാനമായും കാളവണ്ടികളാണ് ഉപയോഗിച്ചിരുന്നത്.
തോളൂര്‍ ദേശത്തിന്റെ ഇന്നു കാണുന്ന വികസനത്തിന്റെ അടിത്തറ പറപ്പൂരിലെ െ്രെകസ്തവ ദൈവാലയമാണ്. പറപ്പൂര്‍ പള്ളിയുടെ ചരിത്രവഴികളിലൂടെ പിന്തിരിഞ്ഞുനോക്കുമ്പോള്‍, തികച്ചും കാര്‍ഷികപ്രദേശമായ പറപ്പൂരില്‍ ആഴമേറിയ വിശ്വാസവും െ്രെകസ്തവ പാരമ്പര്യവുമുള്ള 64 െ്രെകസ്തവ കുടുംബങ്ങളുടെ കൂട്ടായ്മ ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. പറപ്പൂരിലെ മുതിര്‍ന്ന െ്രെകസ്തവര്‍ മഠപ്പാട്ടില്‍ താമസിച്ചിരുന്ന പുന്നത്തൂര്‍ തമ്പ്രാക്കളെയും മണക്കുളം രാജാവിനെയും കണ്ട് സങ്കടം ഉണര്‍ത്തിച്ചതിന്റെ ഫലമായി പള്ളി പണിയാന്‍ സ്ഥലം നല്‍കുകയും 1731 ല്‍ പറപ്പൂര്‍ പള്ളി സ്ഥാപിതമാകുകയും ചെയ്തു. ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ആശയം കേരളെ്രെകസ്തവസഭയില്‍ 1864 ലാണ് ചവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍ അവതരിപ്പിക്കുന്നത്. പമ്പാനദി മുതല്‍ ഭാരതപ്പുഴവരെയുള്ള പ്രദേശങ്ങളിലെ 154 പള്ളികള്‍ കേന്ദ്രീകരിച്ചു നടത്തിയ ഈ വിദ്യാഭ്യാസപ്രവര്‍ത്തനം തന്നെയാണ് കേരളത്തിലെ ആധുനികമായ വിദ്യാഭ്യാസപദ്ധതികളുടെ തുടക്കത്തിനും കാരണമായത്. തികച്ചും കാര്‍ഷികമേഖലയായിരുന്ന തോളൂര്‍ ദേശത്തെ നിരക്ഷരരായ ഗ്രാമീണരെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ 1874 ല്‍ പള്ളിയോട് ചേര്‍ന്ന് സെന്റ് ജോണ്‍സ് എല്‍.പി.സ്‌കൂള്‍ ആരംഭിച്ചു. ഇതാണ് തോളൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. 1924 ല്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ സ്ഥാപിതമായി. എടക്കളത്തൂര്‍ ശ്രീകൃഷ്ണവിലാസം എല്‍.പി.സ്‌ക്കൂളും ഏകദേശം ഈ കാലഘട്ടിലാണ് ആരംഭിച്ചത്. പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ 1952 ലാണ് സ്ഥാപിതമായത്.
പറപ്പൂരാണ് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രം. പഴമയുടെ പാരമ്പര്യം ഉണര്‍ത്തുന്ന പറപ്പൂര്‍ ഇടവകയുടെ പള്ളിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന പറപ്പൂരിലെ ചന്തയ്ക്കുമുണ്ട് ചരിത്രത്തിന്റെ ചുരുളുകള്‍. ആദികാലഘട്ടത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ തമ്മില്‍ നിത്യോപയോഗ സാധനങ്ങള്‍ പകരത്തിനു പകരം കൈമാറുന്ന ശീലമായിരുന്നു നിലനിന്നിരുന്നത്. നെല്ലിന് പകരം അരി, നാളികേരത്തിന് പകരം കൊള്ളി, കായക്ക് പകരം ചേന, എന്നീ രീതിയില്‍ പരസ്പര സഹായ സഹകരണത്തിലൂടെ പങ്ക് വെച്ച് ജീവിക്കുന്ന ഒരു ജനസമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍ ആവശ്യക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കുവാന്‍ ഒരുപാട് വീടുകള്‍ കയറി ഇറങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യത്തില്‍ പറപ്പൂരിലെ കുറച്ചുപേര്‍ ചേര്‍ന്ന് ഇന്ന് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന പരിസരത്ത് ചെറിയ രീതിയില്‍ കച്ചവടങ്ങള്‍ ആരംഭിച്ചു. ഈ സ്ഥലം ഇന്നും പഴയ ചന്ത എന്നറിയപ്പെടുന്നു. ഈ ചന്തകൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിന് ഒരു പരിഹാരം കാണുന്നതിനുവേണ്ടി അന്നത്തെ ഇടവക വികാരി റവ. ഫാ. തോമസ് പാനിക്കുളത്തിന്റെയും ഇടവക ജനങ്ങളുടെയും പൊതുയോഗത്തിന്റെയും തീരുമാനപ്രകാരം പുതിയ ഒരു ചന്ത ആരംഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ശ്രമഫലമായി ഇന്ന് കാണുന്ന സെന്റ് ജോണ്‍സ് മാര്‍ക്കറ്റിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും സ്ഥലം ഉടമകളില്‍ നിന്നും ആ സ്ഥലം പള്ളിക്ക് ലഭ്യമാക്കുകയും ചെയ്തു. ഉടനെതന്നെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. 25-11-1951 ല്‍ മാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇത് പറപ്പൂരിലേയും അയല്‍നാടുകളിലേയും ജനങ്ങള്‍ക്ക് വാണിജ്യവ്യവസായിക ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതിന് കാരണമായി. എല്ലാവിധ കാര്‍ഷിക ഉപകരണങ്ങള്‍, നടീല്‍ വസ്തുക്കള്‍, മുറം, കൊട്ടപ്പായ, പനമ്പ്, കോഴികള്‍, കോഴിക്കൂട്, ആടുമാടുകള്‍, കയറുല്പന്നങ്ങള്‍, ഉലക്ക, അമ്മി, ഉരല്‍ എന്നിങ്ങനെ ആവശ്യമായ എല്ലാ സാധനങ്ങളും ജനങ്ങള്‍ ഇവിടെനിന്നും വാങ്ങികൊണ്ടു പോകുമായിരുന്നു. മാര്‍ക്കറ്റില്‍ ആടുമാടുകളുടെ ചന്ത ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടത്തിയിരുന്നു. ഓണത്തിന് മുന്നോടിയായി തുടങ്ങുന്ന ഓണചന്ത മാര്‍ക്കറ്റിന് അഭിമാനമായിരുന്നു. മത്സ്യമാംസ മാര്‍ക്കറ്റും അടയ്ക്കാ മാര്‍ക്കറ്റും ഒരു പ്രത്യേകതയായിരുന്നു. ഒരുമിച്ച് സാധനങ്ങള്‍ വാങ്ങിവെയ്ക്കുന്നതിനുള്ള സാമ്പത്തികനില പലര്‍ക്കും ഉണ്ടായിരുന്നില്ല. ആയതിനാല്‍തന്നെ വൈകീട്ട് മൂന്നുമണിക്കുശേഷം മാര്‍ക്കറ്റിലേക്കു ജനങ്ങളുടെ ഒഴുക്കായിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതിന് മുള ചീന്തി എടുത്ത് ഉണ്ടാക്കിയ ചതുരന്‍ കുട്ടകളും തുണി സഞ്ചികളും മറ്റും എല്ലാവരും കൊണ്ടുവരും. ഇന്നത്തെ പോലെ മീന്‍ വീടുകളില്‍ വില്പനക്ക് കൊണ്ടുവരുന്ന രീതി ഇല്ലായിരുന്നു. അതിനാല്‍തന്നെ മീന്‍ വാങ്ങുന്നതിന് മാര്‍ക്കറ്റിലേക്ക് വരുക തന്നെ വേണം.
തോളൂര്‍ പഞ്ചായത്തിലേയും അയല്‍ദേശങ്ങളിലേയും പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി പള്ളിമാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന KSEB, BSNL, തോളൂര്‍ ചാലയ്ക്കല്‍ വില്ലേജ് ഓഫീസുകള്‍, രാജീവ് ഗാന്ധി ഓഡിറ്റോറിയം, ഹോമിയോ ഡിസ്‌പെന്‍സറി, അംഗന്‍വാടി, തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സ്ഥലം അനുവദിച്ചുനല്‍കിയതും പറപ്പൂര്‍ പള്ളിയാണ്. ഇന്ന് KSEB പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പള്ളി വക നെയ്ത്തുശാല പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അത് നിര്‍ത്തലാക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് തോളൂര്‍ ഗ്രാമപഞ്ചായത്തിന് പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിച്ചുകിട്ടുകയും എന്നാല്‍ സ്ഥലം ലഭ്യമാകാതെ വന്ന സാഹചര്യത്തില്‍ പറപ്പൂര്‍ പള്ളി തന്നെയാണ് മുന്‍കയ്യെടുത്ത് KSEB പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ആരോഗ്യകേന്ദ്രം തുടങ്ങുന്നതിനുള്ള വഴിയൊരുക്കിയത്. 1963 ല്‍ സ്ഥാപിതമായ തോളൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം വര്‍ഷങ്ങളോളം പള്ളിവക സ്ഥലത്തായിരുന്നു. അതുപോലെതന്നെ സര്‍ക്കാര്‍ മൃഗാശുപത്രി, കാത്തലിക് സിറിയന്‍ ബാങ്ക്, തുടങ്ങി നിരവധി സര്‍ക്കാര്‍ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പള്ളി സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.
പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ആളുകളും പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചുപോരുന്നത്. പ്രധാന കൃഷി നെല്ലാണ്. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. കോള്‍ നിലങ്ങളില്‍ ബണ്ടുകളുണ്ടാക്കി തട്ടുകളായി തിരിച്ച് ചക്രങ്ങളുപയോഗിച്ച് വെള്ളം വറ്റിച്ച് കൃഷി ചെയ്യലായിരുന്നു പ്രാചീന കൃഷി സമ്പ്രദായം. മലയില്‍നിന്നും കുന്നുകളില്‍ നിന്നും ഒഴുകിവരുന്ന എക്കല്‍മണ്ണ് കോള്‍നിലങ്ങളെ വളക്കൂറുള്ളതാക്കികൊണ്ടിരിക്കുന്നു. ഡാമുകളും പുഴയിലെ ഇടവിട്ടുള്ള ചിറകളും നിര്‍മ്മിച്ചതിനാല്‍ എക്കല്‍മണ്ണ് വരുന്നത് തടയപ്പെട്ടു. പ്രകൃതിയെ മാത്രം ആശ്രയിച്ചും ഞാറ്റുവേല നോക്കിയുമാണ് അന്ന് കൃഷി ചെയ്തിരുന്നത്. പൊക്കിളി, കൊടിയന്‍, ചീര, തവളക്കണ്ണന്‍, കാര്‍ത്ത്യായനി എന്നിവയാണ് ആദ്യകാല വിത്തിനങ്ങള്‍. തേക്കുകൊട്ട, സേര്‍, ബിയുണ്ണ, കാളത്തേക്കുകൊട്ട, വരണ്ടിമരം, ഇടങ്ങഴി, കലപ്പ, ചിക്കുമരം, കുത്താണി, പറ, വല്ലവട്ടി എന്നിവയാണ് ആദ്യകാല കൃഷി ഉപകരണങ്ങള്‍. 1950 കളില്‍ പഞ്ചായത്തില്‍ വൈദ്യുതി എത്തി. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം 1960 മുതല്‍ വ്യാപിക്കാന്‍ തുടങ്ങി. കന്നുകാലികള്‍ക്കു പകരം ട്രാക്ടറുകളും പവര്‍ ടില്ലറുകളും ഉപയോഗിച്ചുതുടങ്ങി. ജലസേചനത്തിന് എഞ്ചിനുകളും മോട്ടോറുകളും ഉപയോഗിക്കാന്‍ തുടങ്ങി. അത്യൂല്‍പാദനശേഷിയുള്ള വിത്തിനങ്ങളും പ്രചരിക്കാന്‍ തുടങ്ങി. ഇവയെല്ലാം കാര്‍ഷികരംഗത്ത് വലിയ മാറ്റം ഉണ്ടാക്കി. ഒരു കാലത്ത് നമ്മുടെ പഞ്ചായത്തിന്റെ സമീപപ്രദേശമായ കേച്ചേരി അടയ്ക്ക മാര്‍ക്കറ്റ് പേര് കേട്ടതായിരുന്നു. അതിനു നിദാനമായ ഒരു പ്രദേശം തോളൂര്‍ തന്നെയായിരുന്നു. എന്നാല്‍, മാരകമായ മഞ്ഞളിപ്പ് രോഗബാധമൂലം കവുങ്ങ് കൃഷി ഇന്ന് 10 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലെ ഏറ്റവും വലിയ നാണ്യവിളയായിരുന്ന കശുമാവ് അന്യമായിത്തീര്‍ന്നു. തോളൂരിലെ മമ്മാന്‍കുന്ന്, എടക്കളത്തൂര്‍ കുന്ന് എന്നിവയായിരുന്നു ഈ പ്രദേശത്തെ പഴയ മേച്ചില്‍ സ്ഥലങ്ങള്‍.
പ്രകൃതിക്ഷോഭം ഒരു പരിധിവരെ അനുഭവപ്പെടാത്ത പ്രദേശമാണെങ്കിലും 1924 ല്‍ ഉണ്ടായ വെള്ളപ്പൊക്കം പൊതുവെ 99 ലെ വെള്ളപ്പൊക്കം (മലയാള വര്‍ഷം 1099) എന്നാണ് അറിയപ്പെട്ടിരുന്നത്. 3 ആഴ്ച തുടര്‍ച്ചയായി ഉണ്ടായ മഴമൂലം ഈ പ്രദേശത്തിന്റെ കാര്‍ഷിക മേഖലക്ക് നാശം സംഭവിച്ചു. അപൂര്‍വ്വമായിതന്നെ വീടുകള്‍ വെള്ളത്തിനടിയിലായി. ഈ ദുരന്തത്തിന്റെ അനന്തരഫലമായി ഇന്നും കോള്‍നിലങ്ങളില്‍ വലിയ മരങ്ങളുടെ അവശിഷ്ട്ങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടാറുണ്ട്. ഇതിനെ മരച്ചാന്‍ എന്നാണ് പറയുന്നത്. വീണ്ടും 1941 ല്‍ (മലയാള വര്‍ഷം 1116 ഇടവം 16) ആഞ്ഞടിച്ച കൊടുങ്കാറ്റ് നാട്ടിലാകെ ദുരിതം വിതച്ചു. ഒരുപാട് നാശനഷ്ടങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു. കൂടാതെ, നടപ്പുദീനം, വസൂരി എന്നീ രോഗങ്ങളാല്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും ഭക്ഷ്യക്ഷാമം അനുഭവിക്കുകയും ചെയ്തു. ആദിക്കാലഘട്ടത്തിലും ആധുനികകാലഘട്ടത്തിലും ഉണ്ടായിട്ടുള്ള ദുരന്തങ്ങളുടെ ദുരിതാശ്വാസക്യാമ്പ് പറപ്പൂര്‍ പള്ളിയും പറപ്പൂരിലെ സ്‌കൂളുകളും ആയിരുന്നു.
ആദ്യകാലത്ത് പഞ്ചായത്തില്‍ വെട്ടുകല്ലുകളുടെ ഉല്‍പാദനം ധാരാളമായി നടന്നിരുന്നു. ഈ പ്രദേശത്തുനിന്ന് സ്ത്രീകളും പുരുഷന്മാരുമായി 1000ല്‍ പരം തൊഴിലാളികള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. കാടുങ്ങല്ലൂര്‍, നാട്ടിക, വാടാനപ്പിള്ളി, ചാവക്കാട് തുടങ്ങിയ തീരപ്രദേശങ്ങളിലേക്കാണ് പ്രധാനമായും കെട്ടിടനിര്‍മ്മാണത്തിനായി വെട്ടുകല്ലുകള്‍ കൊണ്ടുപോയിരുന്നത്. ഇന്ന് ഈ വ്യവസായം നാമമാത്രമായിത്തീര്‍ന്നിരിക്കുന്നു. കയറ്റുകൊട്ട, കാളത്തേക്ക് കൊട്ട, തുലാന്‍ തേക്ക് കൊട്ട മുതലായ കാര്‍ഷിക ഉപകരണങ്ങളുടെയും, മുളകൊണ്ടുള്ള പായ, വട്ടി, മുറം എന്നിവയുടെയും നിര്‍മ്മാണം ആദ്യകാലത്ത് പ്രധാന കുടില്‍ വ്യവസായങ്ങളായിരുന്നു. 1962-63 കളില്‍ ആരംഭിച്ച ഓട്ടുകമ്പനി പറപ്പൂരിലെ സാധാരണജനങ്ങളുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചു. ഇതിലൂടെ സാമ്പത്തികഘടനയില്‍ വലിയ പുരോഗതി നേടാന്‍ സാധിച്ചിട്ടുണ്ട്. അസംസ്‌കൃത സാമഗ്രികളുടെ ലഭ്യതകുറവും വൈദഗ്ദ്യമുള്ളവരുടെ കുറവും ജീവിതരീതിയിലുണ്ടായ മാറ്റങ്ങളും ഈ പരമ്പരാഗത വ്യവസായങ്ങള്‍ നിലയ്ക്കാന്‍ കാരണമായി.
1965 ആഗസ്റ്റ് 15-ാം തിയതി കേരളത്തിലെ ആദ്യത്തെ വൈരക്കല്‍ കമ്പനി പോന്നാറില്‍ സ്ഥാപിതമായതോടെ പഞ്ചായത്തില്‍ കല്ലൊര വ്യവസായത്തിന് തുടക്കം കുറിച്ചു. പി.കെ.ശങ്കുണ്ണിയായിരുന്നു കമ്പനിയുടെ സ്ഥാപകന്‍. 1970 കളില്‍ തോളൂര്‍ പഞ്ചായത്തായിരുന്നു കല്ലുര വ്യവസായത്തിന്റെ കേന്ദ്രം. യാത്രാസൌകര്യത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയും കുറവുമൂലം ഈ വ്യവസായം അടുത്ത പഞ്ചായത്തായ കൈപ്പറമ്പിലേക്കുമാറി. 43 കമ്പനികളും 2,060 തൊഴിലാളികളും ഉണ്ടായിരുന്ന ഈ മേഖലയില്‍ ഇന്ന് വ്യവസായം നാമമാത്രമാണ്. ചെറുകിട വ്യവസായങ്ങളില്‍ വെളിച്ചെണ്ണ ഉല്‍പ്പാദനം, അടയ്ക്കാ സംഭരണം, കളിയടക്ക സംസ്‌കരണം, പ്രിന്റിംഗ് പ്രസ്സ്, കാപ്പിപൊടി സംസ്‌കരണം എന്നിവ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന വ്യവസായങ്ങളാണ്.
1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത പല ബഹുമാന്യ വ്യക്തികളും തോളൂര്‍ ദേശത്തുണ്ടായിരുന്നു. അവരില്‍ പ്രത്യേകം സ്മരിക്കേണ്ട വ്യക്തിയാണ് പറപ്പൂരിലെ പരേതനായ ശ്രീ കെ. പി. ലോനപ്പന്‍ അച്ചാട്ടില്‍. പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശുരിന്റെ പ്രഥമ മെത്രാപ്പൊലീത്താ മാര്‍ ജോസഫ് കുണ്ടുകുളം ഈ നാടിന്റെ അഭിമാനപാത്രമാണ്. ലോകപ്രസിദ്ധമായ വിഗാര്‍ഡ് ഇന്‍ഡന്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ശ്രീ സി. വി. പാപ്പച്ചന്‍, ലോകോത്തര ജേര്‍ണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി, ഇന്ത്യ ഗവണ്‍മെന്റിലെ IES ഓഫീസറായിരുന്ന ശ്രീ കെ. എം. തോമസ്, അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പരിവേക്ഷണ കേന്ദ്രത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന അന്തോണി, ആസ്‌ത്രേലിയായിലെ മെല്‍ബണ്‍ രൂപത ബിഷപ്പാ മാര്‍ ബോസ്‌കോ പുത്തൂര്‍, കെനറാബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്ത പി. പ്രശാന്ത് മേനോന്‍, തോളൂര്‍ പ്രദേശം ഉള്‍പ്പെടുന്ന കുന്ദംകുളം നിയോജകമണ്ഡലം മുന്‍ MLA കൂടിയായ ശ്രീ എന്‍. ആര്‍. ബാലന്‍ എന്നിവര്‍ തോളൂരിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന പ്രകാശതാരങ്ങളാണ്.
